Thursday, May 5, 2011

വെൽക്കം റ്റു ദുബായ്...

"വെൽക്കം റ്റു ദുബായ്"


വെൽക്കം റ്റു ദുബായ്” എന്ന് മറുപടി റ്റൈപ്പ് ചെയ്ത് മെയിൽ റിപ്ലൈ ബട്ടണിൽ ഞെക്കുംബോൾ എന്റെ കൊരവള്ളിയിൽ ഞാൻ തന്നെ ഞെക്കുകയാണെന്ന്  ഒരിക്കലും കരുതിയില്ല.എന്റെ അമ്മായിയപ്പനും  അമ്മായിയമ്മയും  അളിയനും (ഭാര്യാ സഹോദരന്‍) അളിയന്റെ കെട്ടിയവളും, കുഞുങ്ങളും,  അളിയന്റെ അളിയനും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെൽ കാണാൻ നാട്ടില്‍ നിന്നും ഒരു റ്റൂർ പാക്കേജ് വഴി ഒരു മാസത്തേക്ക് ദുബായിലേക്ക് വരുന്നു എന്നും, വന്നാൽ മറ്റ് ബന്ധുജനങ്ങൾക്കൊപ്പം സമയം ചിലവിടുന്നതിനിടയിൽ എന്നോടൊപ്പവും കഴിയാൻ അവർക്ക് ആഗ്രഹമുണ്ട് എന്നായിരുന്നു അളിയന്റെ മെയിലിന്റെ ഉള്ളിലിരിപ്പ്.


വിവരം അറിഞപ്പോൾ സന്തോഷം തോന്നി. നാട്ടില്‍ ലീവിന് പോകുംബോൾ പോലും അവരോടൊപ്പം സമയം  ചിലവഴിക്കാൻ സാധിക്കാത്തത് ഓർത്ത് പലപ്പോഴും കര്‍ച്ചീഫ് എടുത്ത് കണ്ണ് തുടച്ച് പിഴിഞിട്ടുണ്ട്. എതായാലും അവർ ഇവിടെ എത്തിയാൽ രണ്ട് ദിവസം കൂടെ താമസിപ്പിച്ച് ഫെസ്റ്റിവെല്‍ ഒക്കെ കാണിച്ച് ആ കേടങ്ങ് തീര്‍ക്കാം എന്ന് കരുതി. അവളുടെ  വീട്ടുകാരെ ഞാൻ സ്നേഹിക്കുന്നില്ല ഗൌനിക്കുന്നില്ല അവരെ നോക്കി ഞാന്‍ ഇളിച്ച് കാണിക്കുന്നില്ല എന്നൊക്കെയുള്ള, കെട്ടിയവളുടെ പരാതിയും തീരുമല്ലോ എന്ന് മനസ്സില്‍ കരുതി.

ജോലി കഴിഞ് ഓഫീസില്‍ നിന്നും ഫ്ലാറ്റിലെത്തി. ഭാര്യയോട് വിവരം അറിയിച്ചു. അവള്‍ക്ക് വിവരത്തിന് ഫോണ്‍ ഉണ്ടായിരുന്നത്രേ. മറ്റന്നാള്‍ അവര്‍ വരുന്നു. വന്നാല്‍  ആദ്യം അവര്‍ അവളുടെ ചേച്ചിയുടേയും  കുടുംബത്തിന്റേയും കൂടെയായിരിക്കും തങുക പിന്നെ മറ്റ് ബന്ധു ജനങള്‍ അത് കഴിഞ് നമ്മുടെ കൂടെയും. അങ്ങിനെയാണത്രേ അവരുടെ യാത്രാ പദ്ധതികള്‍.ഇത് കേട്ട് ഒരു ജാഡക്ക് ഞാന്‍ പറഞു “അതെങ്ങിനെ ശരിയാകും? അവര്‍ ആദ്യം ഇവിടെ താമസിക്കട്ടെ, അത് കഴിഞ് മറ്റ് ബന്ധുവീടുകളില്‍ പോയാല്‍ മതി” !

ദിവസം മറ്റന്നാള്‍. സമയം മറ്റന്നാള്‍ ഉച്ച. ഒഫീസില്‍ ഇരിക്കുംബോള്‍ ഭാര്യയുടെ ഫോണ്‍ വന്നു. പറഞത് പോലെ  അവളുടെ സഹോദരിയും ഭര്‍ത്താവും എയര്‍പോര്‍ട്ടില്‍ പോയി അവരെ സ്വീകരിച്ച് വീട്ടില്‍ എത്തിച്ചു എന്ന്. ജോലി കഴിഞ് ഫ്ലാറ്റിലെത്തി കോളിങ് ബെല്ലില്‍ ഞെക്കി. ‘ടിംങ് ടോങ്’ എന്ന പതിവ് ശബ്ദത്തിന് പകരം ‘ഠീം ഛീലീം ഡം ട്ടഠാര്‍ ബ്ലൂം..‘ എന്നൊരു ശബ്ദമാണ് അകത്ത് നിന്നും കേട്ടത്. ആരാ ഈ കോളിങ്ങ് ബെല്‍ മാറ്റി വെച്ചത് എന്ന് ശങ്കിച്ച് നില്‍ക്കുംബോള്‍, ഭാര്യ വാതില്‍ തുറന്നു. അകത്ത് കയറിയ ഞാന്‍ ഞെട്ടിപ്പോയി. അളിയന്റെ കുരുത്തംകെട്ട സന്താനങ്ങള്‍  തല്ല് കൂടി വരാന്തയിൽ വെച്ചിരുന്ന ഫിഷ് റ്റാങ്ക് തകര്‍ത്ത് നിലത്തിട്ടിരിക്കുന്നു. അതിന്റെ ശബ്ദമായിരുന്നു കോളിങ് ബെല്ലിന് പകരമായി ഞാന്‍ കേട്ടത്.. അതിലുള്ള എന്റെയും എന്റെ മക്കളുടേയും പ്രിയപ്പെട്ട നിറമാര്‍ന്ന മത്സ്യങള്‍, ഐ പി എല്ലിന് ചിയര്‍ ഗേള്‍സ് കിടന്ന് തുള്ളുന്നത് പോലെ തറയില്‍ കിടന്ന് തുള്ളുന്നു. അളിയന്റെ സന്താനങ്ങളുടെ  പരാക്രമങ്ങള്‍ കണ്ട്  ഭയന്ന് വിറച്ച് എന്റെ മൂന്ന് മക്കളും മുയലുകളെ പോലെ  ഒരു മൂലക്ക് നില്‍ക്കുന്നു.

നേരേ ഹാളിലേക്ക് ഞാന്‍ കാലെടുത്ത് വെച്ചു.ചത്ത തിമിംഗലം കരക്കടിഞത് പോലെ  അളിയന്‍ സോഫായില്‍ കിടക്കുന്നു. അളിയന്റളിയന്‍ ഡൈയിനിങ് റ്റേബിളിലിരുന്ന് കോഴി ബിരിയാണി കഴിക്കുന്നു. അവന്‍ അതിലെ കോഴിയുടെ ഭാഗങള്‍ എടുത്ത് കടിച്ച് വലിക്കുന്നത് കണ്ടപ്പോള്‍, പണ്ട് അവന്റെ അപ്പനേയും അമ്മച്ചിയേയും ഓടിച്ചിട്ട് കൊത്തിക്കൊന്ന കോഴിയാണോ ഇതെന്ന് ഞാന്‍ സംശയിച്ചുപോയി.

അമ്മാവനെ നോക്കുംബോള്‍, അമ്മാവന്‍ എന്റെ മക്കളുടെ വീഡിയോ ഗെയിം പ്ലെയറിൽ  കളിക്കുന്നു. ജോയ് സ്റ്റിക്കിന്റെ ബട്ടന്‍ തള്ളവിരല്‍ കൊണ്ട് കുത്തി അകത്തേക്കിടാന്‍ ശ്രമിക്കുകയാണോ അതോ കളിക്കുകയാണോ എന്നൊരു സംശയം. അമ്മാതിരി രീതിയിലാണ് അതില്‍ ഞെക്കിക്കൊണ്ടിരുന്നത് .റ്റി വി സ്ക്രീനില്‍ നോക്കിയപ്പോള്‍ അമ്മാവന്‍ ഓടിച്ച് കൊണ്ടിരിക്കുന്ന കാര്‍, ഇനി ഇടിക്കാന്‍ സ്ഥലമൊന്നും ബാക്കി വെച്ചിട്ടില്ല. ഇങ്ങിനെ ഓടിക്കുകയാണെങ്കില്‍ ആ കാര്‍ റ്റിവിയും ഇടിച്ച് പൊളിച്ച് ഫ്ലാറ്റിന്റെ ചുവരും പൊളിച്ച് താഴെ പുറത്ത് റോഡില്‍ പോയി വീഴുമെന്ന് ഞാന്‍ ഭയപ്പെട്ടുപോയി!!

നേരേ അടുക്കള ഭാഗത്തേക്ക് പോയി. അവിടെ നോക്കുംബോള്‍ അടുപ്പിലിരിക്കുന്ന വന്‍ പാത്രങ്ങളില്‍, അമ്മായിയും അളിയന്റെ ഭാര്യയും എന്റെ ഭാര്യയും കൂടി ചേര്‍ന്ന് അവരുടെ ആരുടേയോ വൈഡൂര്യക്കമ്മല്‍ അതിനകത്ത് വീണുപോയതുപോലെ വലിയ തവി കൊണ്ട് ഇളക്കുന്നു കോരുന്നു  നോക്കുന്നു. ഒന്ന് കുളിക്കാമെന്ന് കരുതി കുളിമുറിയില്‍ കയറാന്‍ പോകുംബോള്‍ എന്റെ മൊബൈല്‍ ശബ്ദിച്ചു. എടുത്ത് നോക്കുംബോള്‍ ക്രെഡിറ്റ് കാര്‍ഡ് വേണമോ എന്ന ചോദ്യവുമായി മറുതലക്കല്‍ ഒരു കിളി മൊഴി.എന്റെ പെഴ്സില്‍ റമ്മിക്കുള്ള ഒരു കുത്ത് ചീട്ട് വെച്ചിരിക്കുന്നത്  പോലെ  കാറ്ഡുകള്‍ നിറച്ച് വെച്ചിട്ടുള്ള  ഞാന്‍ ആ ക്ഷണം നിരസിച്ചുകൊണ്ട് കുളിക്കാന്‍ കയറി.

കുളി കഴിഞ് തിരികെ ഇറങ്ങുമ്പോൾ അളിയന്റളിയന്‍ എന്റെ മൊബൈല്‍ എടുത്ത് ബാല്‍ക്കണിയില്‍ നിന്ന് ഫോണ്‍ ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. എന്നെ കണ്ടപ്പോള്‍
“അളിയാ നാട്ടിലൊന്ന് വിളിച്ചതാ പെങ്ങളുടെ ഭര്‍ത്താവ് മൂന്നാമത്തെ അറ്റാക്ക് വന്ന്,നാല് ദിവസമായിട്ട് ഐ സി യുവിലാണ് . വിട്ടില്‍ വിളിച്ചൊന്ന് വിവരം തിരക്കിയതാ”
കൊള്ളാം, പെങ്ങളുടെ  ഭര്‍ത്താവ് വടിയാകാന്‍ കിടക്കുന്നു. അവന്‍ നാട് കാണാന്‍ ഇറങ്ങിയേക്കുന്നു. എന്ന് മനസ്സില്‍ പറഞുകൊണ്ട് അവന്‍ തന്ന ഫോണ്‍ വാങ്ങി ബാക്കി എത്ര തുകയുണ്ടെന്ന് നോക്കിയപ്പോള്‍ ഞാന്‍ ഐ സി യുവില്‍ ആയിപ്പോകുമെന്ന് തോന്നി. ഉച്ചക്ക് 50 ദിര്‍ഹം ബാലന്‍സ് കിടന്നത് ഇപ്പോള്‍ മൈനസ് രണ്ടര എന്ന് കാണിക്കുന്നു.

രാത്രി കിടക്കാനായി നോക്കുമ്പോൾ അമ്മാവനും അമ്മായിയും ഞങ്ങളുടെ കിടപ്പ് മുറി നിസ്സാരമായി കയ്യേറി. രണ്ടാമത്തെ കിടപ്പ് മുറിയില്‍ അളിയനും ഭാര്യയും കൂടി ഇടിച്ച് കയറി. ഹാളില്‍ അളിയന്റളിയനും അളിയന്റെ കുരുത്തം കെട്ട പിള്ളേരും കൂടി ബലമായി കടന്ന് കൂടി. ഞാനും ഭാര്യയും മൂന്ന് കുട്ടികളും വഴിയാധാരമായി. എങ്കിലും ഭാര്യയെ അവളുടെ മാതാപിതാക്കള്‍ തല്‍ക്കാലത്തേക്ക് അവരോടൊപ്പം ദത്തെടുത്തു. ഇടുങ്ങിയ ഇടനാഴിയിൽ ഞാനും എന്റെ മൂന്ന് മക്കളും ഷീറ്റും വിരിച്ച് തള്ളയില്ലാത്ത പൂച്ചക്കുഞുങ്ങളെപ്പോലെ നിലത്ത് കിടന്നു.

ഭാര്യയുടെ ഉത്തരവനുസരിച്ച് അടുത്ത ദിവസം വൈകുന്നേരം അവരെയെല്ലാം കൊണ്ട് ഷോപ്പിംഗിന് പോയി. ഷോപ്പിംഗ് മാളിലെ തുണിക്കടയില്‍ നിന്ന് തുടങ്ങാം. അമ്മാവന് റയ്മണ്ടിന്റെ സ്യൂട്ട് മതിയത്രേ.ഈ മണ്ടനെന്തിനാ റെയ്മണ്ടില്‍ കയറി പിടിച്ചത് എന്നോര്‍ത്ത് ഞാനൊന്ന് പതറി.എന്റെ പതര്‍ച്ച കണക്കിലെടുക്കാതെ അമ്മാവന്‍ അത് തന്നെ വേണമെന്ന് പറഞ് കുതറി.
അമ്മായി അവിടെ നിന്ന സെയിത്സ് ഗേളിനോട് ചോദിച്ചു. “മേരിക്കുണ്ടൊരു കുഞാട് ചുരീദാറുണ്ടോ” വിലകേട്ട് എന്റെ തല കറങ്ങി. നാട്ടിലെ പതിനായിരം രൂപാക്ക് മുകളില്‍.അമ്മായിക്ക് നിര്‍ബന്ധം അത് തന്നെ വേണമെന്ന്.“യക്ഷിയും ഞാനും എന്ന ചുരീദാറുണ്ടോ കൊച്ചേ“ എന്ന് ചോദിക്കണമെന്ന് എനിക്ക് തോന്നി.

അളിയന്റെ ഭാര്യക്ക് കോളേജ് ഡേയ്സ് പാട്ട്യാല മതിയെന്ന്.ഒരു പട്ടിയല്‍ കിട്ടിയിരുന്നെങ്കില്‍ എടുത്ത് അവളുടെ തലക്ക് ഒന്നങ്ങ് കൊടുക്കണമെന്ന് തോന്നി. അളിയനും അളിയന്റളിയനും ആരോയുടെ ഡ്രസ്സ് മതിയെന്ന്. ആരാന്റെ കാശല്ലേ ആരോയോ മിസൈലോ എന്ത് വേണമെങ്കിലും വാങ്ങാമല്ലോ .പിന്നെ അളിയന്റെ കുഞ്ഞുകുട്ടികള്‍ക്ക് ചെരിപ്പ് മുതല്‍ തൊപ്പി വരെ വാങ്ങി വെളിയില്‍ ഇറങ്ങുമ്പോൾ, ഒരു ഫുള്‍ കുപ്പി കിട്ടിയിരുന്നെങ്കില്‍ മൊത്തത്തില്‍ അടിച്ച ശേഷം ആ കാലി കുപ്പി കൊണ്ട് ഇതിന്റെ എല്ലാത്തിന്റേയും തലക്കടിക്കാന്‍ തോന്നി.


അടുത്ത ദിവസം സമയം ഉച്ചക്ക് പതിനൊന്ന് മണി. ഓഫീസില്‍ ഇരിക്കുമ്പോൾ ഭാര്യയുടെ ഫോണ്‍. അത്യാവശ്യമായിട്ട് വിടിന്റെ കുറച്ചപ്പുറത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേര് പറഞ്, എത്രയും പെട്ടെന്ന് അവിടെ വരണമെന്ന് ആവശ്യപ്പെട്ടു.പരിഭ്രമിച്ച സ്വരമായതുകൊണ്ട് വണ്ടിയെടുത്ത് വേഗത്തില്‍ അവിടെയെത്തി. രണ്ട് സെക്യൂരിറ്റിക്ക് നടുവിലായി കുറച്ച് വീട്ടുസാധനങ്ങളുമായി അവളെ ഞാന്‍ കണ്ടെത്തി. ഈ പെരുങ്കള്ളി മോഷണവും തുടങിയോ മാതാവേ എന്ന് അല്പം ഉച്ചത്തില്‍ വിളിച്ചുപോയി. അന്വേഷിക്കുമ്പോൾ സംഗതി മോഷണമല്ല. മറ്റേ പണ്ടാരങ്ങളെ ഊട്ടാനായി സാധനങള്‍ വാങ്ങിയ ശേഷം, അവള്‍ക്ക് ഞാന്‍ കൊടുത്തിട്ടുള്ള സപ്ലിമെന്ററി ക്രെഡിറ്റ് കാര്‍ഡ് അവിടെ കൊടുത്തു. എന്റെ  കാര്‍ഡില്‍ മിനിമം പേയ്മെന്റ് അടക്കാതായിട്ട് മാസം രണ്ടായി. പിന്നെങ്ങിനെ അതില്‍ കാണും. കാര്‍ഡ് മെഷീനില്‍ ഉരച്ചപ്പോള്‍ മെഷീനില്‍ നിന്നും പുക വന്നു എന്നും കാഷ്യര്‍ പറഞു.ഒന്ന് രണ്ട് തുറുപ്പ് ഗുലാന്‍ കാര്‍ഡ് കയ്യിലുള്ളത് കൊണ്ട് മാനം കൂടുതല്‍ പോകാതെ അവിടെ നിന്നും തടിയൂരി.

പടപണ്ടാരങ്ങളെ എങ്ങിനെയെങ്കിലും ഇവിടെ നിന്നും ഒന്ന് പറഞ് വിട്ടാല്‍ മതിയെന്നായി എനിക്ക്. ഏറ്റവും വലിയ പ്രശ്നം, അളിയന്റെ മക്കളുടെ പരാക്രമങള്‍ കാരണം എന്റെ മക്കളുടെ മുഖം ഇപ്പോള്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ സിനിമയില്‍ കാണുന്ന കുട്ടികളുടെ മുഖം പോലെയായി. മുഖത്തെല്ലാം നഖത്തിന്റേയും പല്ലിന്റേയും അടയാളങളും പിന്നെ ചോരപ്പാടുകളും.അടുത്ത മുട്ടന്‍ പ്രശ്നം, കണ്ണ് തപ്പിയാല്‍ അളിയന്റളിയന്‍ എന്റെ മൊബല്‍ ഫോണെടുത്ത് വിളിച്ച് കളയും.ഈ പ്രശ്നങ്ങള്‍ക്ക് ശേഷം മാത്രമേയുള്ളൂ മറ്റ് പ്രശ്നങ്ങള്‍.

ശമ്പളം കിട്ടിയ അന്ന് വൈകുന്നേരം ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ പ്രധാന ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജ് കാണിക്കാനായി എല്ലാത്തിനേയും വണ്ടിയില്‍ കയറ്റി അവിടെ കൊണ്ടൂചെന്ന് കുടഞിറക്കി.മലവെള്ള പാച്ചിലില്‍ പൊങ്ങിക്കിടക്കുന്ന സാധങ്ങള്‍ ഒഴുകി നീങ്ങുന്നതുപോലെ ജനങ്ങൾ നീങ്ങി നീങ്ങി വില്ലേജിനകത്ത് കയറിക്കൊണ്ടിരിക്കുന്നു. അകത്ത് കയറിയ ഇവര്‍ അവിടെ കളിക്കാന്‍ വെച്ചിട്ടുള്ള ആടുന്നതിലും പൊങ്ങുന്നതിലും കറങ്ങുന്നതിലും ഒന്നുപോലും വിടാതെ കയറിയിറങ്ങി. എന്റെ പെഴ്സില്‍ നിന്നും കാശും ഇറങ്ങിത്തുടങ്ങി. കെ എഫ് സിയുടെ കട കണ്ടപ്പോള്‍ അത് തിന്നണമെന്ന് അവര്‍ക്ക് ആഗ്രഹം. രണ്ട് ബക്കറ്റ് കെ എഫ് സി വാങ്ങിയപ്പോള്‍ അത് തികയില്ലെന്ന് ഭാര്യ. അങ്ങിനെ മൂന്നെണ്ണം വാങ്ങി. കവലയിലുള്ള കെ എസ് ഈ ബിയുടെ ട്രാന്‍സ്ഫോര്‍മറില്‍ വന്നിരുന്ന കാക്കയുടെ അവസ്ഥയായിരുന്നു ആ കെ എഫ് സിക്ക്. നിമിഷങ്ങള്‍ക്കകം കരിഞ എല്ലുകള്‍ മാത്രമായി അവ അവശേഷിച്ചു.

സന്ദര്‍ശകര്‍ക്ക് കയറാനായി അവിടെ നിര്‍ത്തിയിരുന്ന ഒട്ടകത്തിനെ കണ്ടപ്പോള്‍ അളിയന്റളിയന് അതിന്റെ പുറത്ത് കയറണമെന്ന് ഒരു പൂതി. ഒപ്പം മറ്റുള്ളവര്‍ക്കും. ഞാന്‍ കാശ് കൊടുത്തു. ആദ്യം അളിയന്റളിയന്‍ തന്നെ കയറിയിരുന്ന് യാത്ര തുടങി. അഞ്ച് ചുവട് വെച്ചുകഴിഞ്ഞ്, കഴിഞ് ആ ഒട്ടകം അവനെ കുടഞ് താഴെയിട്ട് അതിന്റെ കാല് കൊണ്ട് അവന്റെ നെഞ്ചുംകൂട് നോക്കി ഒറ്റ ചവിട്ട്. വലിയവായിലേ നിലവിളിച്ചുകൊണ്ട് അളിയന്റളിയന്‍ സ്പ്രിംഗ് ചാടുന്നത് പോലെ ചാടി എഴുന്നേറ്റു. ഗ്ലോബല്‍ വില്ലേജില്‍ മുട്ടന്‍ കൊമ്പനാനയെ ഇതുപോലെ ആള്‍ക്കാര്‍ക്ക് കയറാന്‍  നിര്‍ത്താത്തതില്‍, ദുബായ് ഷൈക്കിനോടും സംഘാടകരോടുമുള്ള എന്റെ പ്രതിഷേധം ഞാന്‍ ഉള്ളാലെ അറിയിച്ചു.അളിയന്റളിയന്റെ നെഞ്ചും കൂട് കലങ്ങിയത് കണ്ടപ്പോള്‍, മറ്റുള്ളവര്‍ ഒട്ടകപ്പുറത്ത് കേറണമെന്നുള്ള ആഗ്രഹം  ഉപേക്ഷിച്ചു. നന്ദിപൂര്‍വ്വം ഞാന്‍ ആ ഒട്ടകെത്തെ ഒന്ന് നോക്കി.

അവിടെ നിന്നും വേണുന്നതും വേണ്ടാത്തതുമൊക്കെ വാങ്ങി പുറത്തിറങുംബോള്‍, ദിവസവും ഒരു മില്യണ്‍ ദിര്‍ഹവും ഒരു ലക്സസ് കാറും സമ്മാനമായി കൊടുക്കുന്ന ലെക്സസ് റാഫിള്‍ റ്റിക്കറ്റ് കൊടുക്കുന്ന കൌണ്ടര്‍ കണ്ടു. ഒരെണ്ണം എടുത്താലോ എന്നോര്‍ത്തു. ഭാര്യയും മറ്റുള്ളവരും പെരുച്ചാഴി പന്തത്തില്‍ നോക്കുന്നത് പോലെ അവിടെ നടക്കുന്ന വെടിക്കെട്ട് നോക്കിക്കൊണ്ട് നില്‍ക്കുന്നു. ഞാന്‍ 200 ദിര്‍ഹം കൊടുത്ത് ഒരു ടിക്കറ്റെടുത്തു. രണ്ട് വയസ്സുള്ള എന്റെ ഇളയ മകള്‍, തെങ്ങില്‍കെട്ടി വെച്ച കോളാംബിയില്‍ നിന്നും വരുന്ന നാദസ്വരത്തിന്റെ ഊത്ത് പോലെ ഉച്ചത്തില്‍ നിര്‍ത്താതെ കരയുന്നതുകൊണ്ട് അവളെ ഞാന്‍ എടുത്തിരിക്കുകയായിരുന്നു. മകളേയും കയ്യില്‍ വെച്ചുകൊണ്ട് കൂപ്പണ്‍ പൂരിപ്പിക്കാന്‍ പറ്റാതെ വിശമിച്ച് നില്‍ക്കുമ്പോൾ അത് കണ്ട്  അളിയന്റളിയന്‍ പെട്ടെന്ന് വന്ന് അത് പൂരിപ്പിച്ച്  പെട്ടിയിലേക്ക് ഇട്ടു.

വീട്ടിലെത്തി ഏതാണ്ട് രാത്രി പന്ത്രണ്ടര മണി ആയപ്പോള്‍ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു. എടുത്ത് സംസാരിക്കുംബോള്‍ ഞാന്‍ അളിയന്റളിയനാണോ എന്ന് മറുതലക്കല്‍ നിന്നും ചോദിച്ചു. അല്ല എന്ന് പറഞു. ഫോണ്‍ നമ്പർ ഇത് തന്നെയാണോ എന്ന് ചോദിച്ചു. അതെ എന്ന് മറുപടി പറഞു. എങ്കില്‍ അളിയനളിയന്  ഒരു മില്യണ്‍ ദിര്‍ഹവും ഒരു ലെക്സസ് കാറും അടിച്ചു എന്ന് പറഞു.
അളിയന്റളിയന്‍ കൂപ്പണില്‍ അവന്റെ പേരാണ് എഴുതി ഇട്ടത് എന്നറിഞ ഞാന്‍ ദേഹം തളര്‍ന്ന് വീണു.വിവരമറിഞ് ഓടിയെത്തിയ പടപണ്ടാരങള്‍ പറഞു സാരമില്ല അളിയന്റളിയന്‍ അത് വാങ്ങി എനിക്ക് തന്നെ തരുമെന്ന്!!!

രാവിലേ എഴുന്നേറ്റ് നോക്കുംബോള്‍ അളിയന്റളിയനെ കാണുന്നില്ല. മറ്റുള്ളവരും പോകാന്‍ തയ്യാറെടുക്കുന്നു. കൂപ്പണ്‍ പൂരിപ്പിച്ച് ഇടുന്ന സമയത്ത്, തിരക്കിനിടയില്‍ അതിന്റെ പകുതി ഭാഗം അളിയന്റളിയന്റെ കയ്യില്‍ നിന്നും ഞാന്‍ വാങ്ങാൻ മറന്നുപോയിരുന്നു. അളിയന്റളിയന്റെ പോക്കും കാര്യങളുടെ പോക്കും മറ്റുള്ളവരുടെ പോക്കും എങ്ങോട്ടാണെന്നും   ഇനിയൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും, എല്ലാം പോക്കാണെന്നും എനിക്ക് മനസ്സിലായി.എല്ലാവരും പോയി!! ഞാനും ഭാര്യയും മക്കളും  പല സ്ഥലങളിലായി താണ്ടിക്ക് കൈയ്യും കൊടുത്ത് ഇരുന്നു.

മൊബൈലിന്റെ ബെല്ലടി കേട്ട് എടുത്തപ്പോള്‍ മറുതലക്കല്‍ പോലീസ്. അവര്‍ക്ക് ഞാന്‍ എവിടെയുണ്ടെന്ന് അറിയണം.  വീട്ടിലുണ്ടെന്ന് പറഞു. വഴി ചോദിച്ചു. അതും പറഞുകൊടുത്തു. വിവരമറിഞപ്പോള്‍ ഭാര്യ പറഞു “അളിയന്റളിയന്‍ സമ്മാനം വാങ്ങാൻ പോയപ്പോള്‍ പിടിച്ച് കാണും. നിങ്ങളെ വിളിച്ച് വിവരങള്‍ അന്വേഷിച്ച് കേസാക്കി അവനെ തട്ടി അകത്തിട്ടിട്ട്. സമ്മാനം നിങ്ങള്‍ക്ക് തരാന്‍ വേണ്ടി ആയിരിക്കും” അതെ അവള്‍ പറയുന്നത് ശരിയായിരിക്കും അല്ലെങ്കില്‍ എന്നെ എന്തിനാ രാവിലേ പോലീസ് അനേഷിക്കുന്നത്.

സിനിമാ നടി നമിത ജൂവലറി ഉത്ഘാടനത്തിന് വരുന്നതറിഞ്, ഞരമ്പിന് കിരുകിരിപ്പുള്ളവന്മാര്‍ നമിതയേയും കാത്ത് നില്‍ക്കുന്നതുപോലെ ഞങ്ങൾ പോലീസിന്റെ വരവും കാത്തിരുന്നു.കോളിംങ് ബെല്‍ കേട്ട് വാതില്‍ തുറന്നു. രണ്ട് പോലീസും രണ്ട് സി ഐ ഡിയും രണ്ട് വിലങ്ങും നാല് തോക്കും അകത്തേക്ക് വന്നു.ബാങ്കില്‍ ജോലി ചെയ്യുന്ന ഒരു അറബി പെണ്ണിനെ നിരന്തരമായി ഫോണില്‍ വിളിച്ച് ഞാന്‍ ശല്യം ചെയ്തതിനും പോക്രിത്തരങള്‍ പറഞതിനും ആ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എന്നെ പൊക്കികൊണ്ടുപോയി അറേബ്യന്‍ കാരാഗ്രഹത്തിന്റെ ചുവരുകളിലെ കൊത്തുപണികള്‍ കാണിച്ച് തരുവാന്‍ വന്നതായിരുന്നു അവര്‍.എന്റെ മൊബൈല്‍ നംബര്‍ ആ സ്ത്രീയുടെ കയ്യില്‍ തെളിവായി ഉണ്ടത്രേ.  ക്രെഡിറ്റ് കാര്‍ഡിനായി എന്നെ വിളിച്ച പെണ്ണായിരുന്നു പരാതിക്കാരി. അളിയന്റളിയന്റെ എപ്പോഴുമുള്ള ഫോണ്‍ വിളിയുടെ ഉള്‍വിളി എന്തായിരുന്നുവെന്ന് എനിക്ക് മനസ്സിലായി.

എന്റോസള്‍ഫാന്‍ കെടുതിക്ക് ചികിത്സിപ്പിച്ച് കൊണ്ടിരുന്നവനെ പിടിച്ച് ന്യൂക്ലിയാര്‍ പവര്‍ പ്ലാന്റിന്റെ ചോര്‍ച്ച അടക്കാന്‍ കൊണ്ടുപോയ എടവാടായി എന്റേത്......!!!!

“മൂന്ന് കുട്ടികളായിട്ടും ഇതിയാന് എന്തിന്റെ കേടാ ദൈവമേ.........!!!”
എന്നുള്ള ഭാര്യയുടെ നിലവിളിയും ജാസിഗിഫ്റ്റിന്റെ ജാസ് ബീറ്റിനെ അനുസ്മരിപ്പിക്കുന്ന അവളുടെ നെഞ്ചിലിടിയും,സി ഐ ഡികള്‍ എന്റെ പിടലിക്ക് തള്ളി ലിഫ്റ്റിനകത്തേക്ക് കയറ്റുംബോള്‍ എനിക്ക്  വ്യക്തമായി കേള്‍ക്കാ‍മായിരുന്നു ......!!!!



ഭായി

-------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും  റീട് നിങള്‍ക്കുള്ളതും!!