Sunday, June 20, 2010

മായിൻ കുട്ടിയും കഞ്ചാവും ജോയി അച്ചനും!



മായിൻ കുട്ടിയും കഞ്ചാവും ജോയി അച്ചനും!

മായിൻകുട്ടിക്ക് കഞ്ചാവിനോടാണോ അതോ കഞ്ചാവിന് മായിൻകുട്ടിയോടാണോ ഇഷ്ടം എന്നുചോദിച്ചാൽ,തല പുകഞുപോകും. കാരണം, പൊതിഞ് വെച്ച കഞ്ചാവ് മായിൻകുട്ടിയുടെ ഇടുപ്പിൽ നിന്നും താഴെ ഒട്ട് ഇറങുകയുമില്ല മായിൻകുട്ടിയാണെങ്കിൽ നീറിപുകയുന്ന കഞ്ചാവിനെ  ഒട്ട് കയ്യിൽ നിന്നും താഴെ വെക്കുകയുമില്ല.

കഞ്ചാവിനെ കുറിച്ച് കേട്ടറിഞ കാലം മുതൽ, മായം കലരാത്ത കഞ്ചാവ് വാങി വലിക്കണമെന്നുള്ള ആഗ്രഹം ഉള്ളിലൊതുക്കി നടക്കുകയായിരുന്നു മായിൻകുട്ടി.അങിനെ ഒരു ദിവസം അതിരാവിലെ കുളിച്ച് കുട്ടപ്പനായി കട്ടൻ കാപ്പിയും പുട്ടും കഴിച്ച് കട്ടപ്പന ഫാസ്റ്റിൽ കയറി മായിൻകുട്ടി ഇടുക്കിക്ക് പുറപ്പെട്ടു. അവിടെ നിന്നും മുക്കാൽ കിലോ കഞ്ചാവുമായി വന്നു. അന്ന് തുടങിയതാണ് നിന്നും ഇരുന്നും കിടന്നും നടന്നും കഞ്ചാവ് വലി, ഒരേ വലി.
നാട്ടിൻപുറത്തുകാരായ വീട്ടുകാർക്ക് ഇതൊന്നും അറിയില്ല. അവരൊട്ട് ശ്രദ്ധിക്കുകയുമില്ല!

ഗ്രാമത്തിലെ പള്ളിയിൽ പുതുതായി വന്ന അച്ചനാണ് ജോയി അച്ചൻ, ചെറുപ്പക്കാരനായ അച്ചന് ഒരു ചെറിയ ദുശ്ശീലമുണ്ട്. ദിവസവും രാത്രിയിൽ ആഹാരം കഴിച്ച ശേഷം പള്ളി മതിലിനു പുറത്തിറങി വെളിച്ചമില്ലാത്ത സ്ഥലത്തുനിന്ന്  ആരും കാണാതെ ഒരു സിഗരറ്റ് വലിക്കും. ഒരു ദിവസം അങിനെ രാത്രി പുറത്തിറങി പുകവലിക്കാൻ നോക്കുംബോൾ തീപ്പെട്ടി തീർന്നു പോയി. ശ്വാസം  വലിച്ചില്ലെങ്കിലും ജോയി അച്ചന് പ്രശ്നമില്ല പക്ഷേ രാത്രിയിലുള്ള ആ ഒരു  സിഗരറ്റ്  വലിക്കാതിരിക്കാൻ ജോയി അച്ചന് കഴിയില്ല. അച്ചൻ മതിലിന് പുറത്തുള്ള വിജനമായ ഇടവഴിയിലേക്കിറങി വെളിച്ചമില്ലാത്ത ഭാഗത്ത്, മെഡിസ്സിന് പഠിക്കുന്ന കാമുകി  ക്ലാസ്സ് വിട്ട് വരുന്നതും നോക്കി ബീഡി തെറുപ്പുകാരൻ കാമുകൻ കാത്ത് നിൽക്കുന്നതുപോലെ സ്നേഹാദരവുകളോടെ, സിഗററ്റ് വലിച്ചുകൊണ്ട് വരുന്ന എതെങ്കിലും പുകയനേയും കാത്തുനിന്നു. ഇരുട്ടത്തായതിനാൽ, തന്നെ ആരും തിരിച്ചറിയില്ല എന്ന ധൈര്യവും. സമയം രാത്രി  പതിനൊന്ന് മണി.

അകലെ നിന്നും ഒരു വെളിച്ചം ഒപ്പം പുകയും. ഏതൊ പൊഹയൻ വരുകയാണന്ന് മനസ്സിലാക്കിയ ജോയി അച്ചൻ കത്തിക്കാനുള്ള സിഗരറ്റ് എടുത്ത് കുറച്ചും കൂടി ഇരുട്ടത്തേക്ക്  മാറി  തയ്യാറായി നിന്നു. തീക്കനൽ അടുത്തെത്തിയപ്പോൾ അച്ചൻ അറച്ചറച്ച് “ആ തീ ഒന്ന് തരുമോ“ എന്ന് ചോദിച്ചു. തീക്കനലിന്റെ മുതലാളി ചോദിച്ചു “ആരാ”?. ആകെ വിരണ്ട ജോയി അച്ചൻ അച്ചനാണെന്ന് പറഞുപോയി. പൊഹയൻ വലിച്ചുകൊണ്ടിരുന്ന സിഗററ്റ് അച്ചന് കൊടുത്തു. ആ തീ അച്ചന്റെ സിഗററ്റിലേക്ക് അച്ചൻ പെട്ടെന്ന് വെൽഡ് ചെയ്ത് പിടിപ്പിച്ചുകൊണ്ടിരിക്കുംബോൾ അടുത്തചോദ്യം “തൊരപ്പൻ രായൂന്റ അച്ചനാണോടെയ്” ഇത്തരം തീ വാങിപ്പ് പരിപാടിയൊന്നും  വശമില്ലാത്ത അച്ചൻ ചോദ്യവും വെൽഡിംഗുമൊക്കെയായി ആകെ ഇടങേറായി “ ങാ...അതെ..” എന്ന് പറഞ് വെൽഡിംഗ് കഴിഞ് ധൃതിയിൽ സിഗററ്റ് തിരികെ കൊടുത്തു.  പൊഹയൻ പാട്ടും പാടി  നടന്ന് പോയി...

ജോയി അച്ചൻ ആകെ റ്റെൻഷൻ അടിച്ച് ഒരു തെങും കുറ്റിയിലിരുന്നു സിഗററ്റ് ആഞാഞ് വലിക്കാൻ തുടങി. സിഗരറ്റ് പകുതി ആയപ്പോൾ ജോയി അച്ചന് എന്തോ ഒരു വശപിഷക് പോലെ! ജോയി അച്ചന്റെ പിടലിക്കിട്ട് ആരോ ശക്തിയായി ഒന്ന് കൊടുത്തതുപോലെ. തീർന്നില്ല ,അച്ചൻ മുകളിലേക്ക് പൊങിപോകുന്നതായി തോന്നി. കർത്താവ് തന്നെ  മുകളിലേക്ക് എടുക്കുകയാണോ എന്ന് അച്ചൻ ശങ്കിച്ചു. എന്തായാലും പൊങി പോവുകയല്ലേ രണ്ട് വലികൂടി വലിക്കാമന്ന് കരുതി വീണ്ടും വലിച്ചു. പൊക്കിയെടുത്ത അച്ചനെ കർത്താവ് ഉന്നതങളിലെത്തിച്ചിട്ട് പത്തിരുപത്തഞ്ച് പ്രാവശ്യം വട്ടം കറക്കി നേരേ താഴേക്കിട്ടു.

രാത്രി കഞ്ചാവും വലിച്ചുവന്ന മായിൻ കുട്ടിയുടെ കയ്യിൽ നിന്നുമാണ്, എരിയുന്ന കഞ്ചാവ് അച്ചൻ വാങി സ്വന്തം സിഗരറ്റിലേക്ക് പകർന്നത്. കത്തിച്ച് കഴിഞ് പരിഭ്രാന്തനായ ജോയി അച്ചൻ മായിൻ കുട്ടിയുടെ കഞ്ചാവ് സിഗററ്റ് കയ്യിൽ വെക്കുകയും, സ്വന്തം സ്വയംബൻ സിഗററ്റ് മായിങ്കുട്ടിക്ക് തിരികെ കൊടുക്കുകയുമാണ് ചെയ്തത്.

ജോയി അച്ചന് ഭൂമിയും ആകാശവും നക്ഷത്രങളുമെല്ലാം കറങുന്നതായി തോന്നുക മാത്രമല്ല കറങി.  എന്തൊക്കെയോ പുലംബിക്കൊണ്ട്  തെക്കോട്ട് നടക്കാനുള്ള അച്ചൻ വടക്കോട്ട് നടന്നു.വിജനമായ നാട്ടുവഴിയിലെ കലിംഗിൽ പിടിച്ച് ജോയി അച്ചൻ നിന്നു. തൊണ്ടയിലെ വെള്ളം ഒന്നര എച്ച്  പി മോട്ടറിനടിച്ച് പുഞ്ചപ്പാടത്ത് വിട്ടതുപോലെയായി. തൊണ്ട  വരണ്ട അച്ചൻ വെള്ളം വെള്ളം എന്ന് വിളിച്ചു.

പാതിരാത്രി പന്ത്രണ്ട് മണി വരെ ഷാപ്പിലിരുന്ന് കുടിച്ചിട്ട് പിന്നെ വെളുക്കുന്നത് വരെ വീട്ട് വരാന്തയിലിരുന്ന് കുടിക്കാനായി, കയ്യിൽ ഒരു കുപ്പി  ചാരായവുമായി പഞ്ചായത്ത് റോഡീൽ ക്കൂടി വരുന്ന ആട്ടോ റിക്ഷ പോലെ ആടിയുലഞ് വന്ന കുടിയൻ മണിയൻ ഇരുട്ടത്ത് നിന്നും ആരോ വെള്ളത്തിന് വിളിക്കുന്നത് കേട്ട് “ ആഴാടാ...” എന്ന് ചോദിച്ചു. മറുപടിയും കിട്ടി “ അച്ചനാണേയ്..”
ഉള്ള് മുഴുവൻ കത്തിക്കിടക്കുന്ന മണിയന്റെ നെഞ്ച് ഒന്നുംകൂടി കത്തി. നാല് കൊല്ലം മുൻപ്, മരണ സമയത്ത് ഒരു തുള്ളി ചാരായം കിട്ടാതെ സങ്കടത്തോടെ മരിച്ച തന്റെ അഛൻ ഇതാ രാത്രി, തന്റെ മുന്നിൽ വെള്ളം ചോദിക്കുന്നു...ഫിറ്റാണെങ്കിലും മണിയന് സന്തോഷമായി.കാരണം മരിച്ച് നാല് കൊല്ലം കഴിഞാണെങ്കിലും അച്ചന് ഇച്ചിരേ ചാരായം തന്റെ കൈ കൊണ്ട് കൊടുക്കാൻ സാധിക്കുമല്ലോ..! ഇതാ അച്ചാ വെള്ളം എന്ന് പറഞ്, മുട്ടിലിരുന്ന് വാഴകൂംബിന്റെ വാടിയ പോള പോലെ  പിടിച്ചിരുന്ന അച്ചന്റെ കൈകളിലേക്ക് ബഹുമാനത്തോടെ മണിയൻ കുപ്പിയിലുണ്ടായിരുന്ന ചാരായം ഒഴിച്ചുകൊടുത്തു. ഒഴിക്കുന്നതിനിടയിൽ അച്ചൻ ചോദിച്ചു “ ഇത് വെഞ്ചരിച്ച വെള്ളമാണോ....?”  “ങാ...ഞാൻ... ഷാപ്പിലെ ബെഞ്ചിലിരുന്ന് ചരിച്ച് ഇച്ചിരി ഇതേന്ന് കുടിച്ചയിരുന്നു അച്ചോ..” മണിയൻ ഉത്തരവും കൊടുത്തു. കഞ്ചാവടിച്ച് ലക്ക് കെട്ട് തൊണ്ട വരണ്ട ജോയി അച്ചൻ നല്ല മൂത്ത ചാരായം ദാഹം തീരെ വലിച്ച് കുടിച്ചു....മരിച്ച തന്റെ അഛന് തന്റെ കയ് കൊണ്ട് ചാരായം കൊടുക്കാൻ സാധിച്ച നിർവൃതിയോടെ ഇറക്കമിറങി മണിയൻ പോയി..

ഇടി വെട്ടിയവനെ പാംബും കടിച്ച് പിന്നെ പേപ്പട്ടിയും കടിച്ച് അതും പോരാഞ് പാണ്ടി ലോറിയും ഇടിച്ചെന്ന് പറഞ അവസ്ഥയായി ജോയി അച്ചന്റേത്..!! വെളിവില്ലാത്ത അച്ചൻ വെളിച്ചം കണ്ട ഒരിടത്തേക്ക് കാറ്റത്ത് കത്തിച്ചുവെച്ച മെഴുകുതിരി നാളം പോലെ നടന്ന് നീങി.ആ വളിച്ചം അയ്മുട്ടി ഹാജിയുടെ വീട്ടിലെ അടുക്കള ജനലിൽ കൂടി പുറത്തേക്കിറങുന്ന ബൾബിന്റെ വെളിച്ചമായിരുന്നു. വെളിവില്ലാതെ വേച്ച് വേച്ച് അടുക്കള മുറ്റത്തെത്തിയ ജോയി അച്ചൻ തെങിൽ കെട്ടിയിട്ടിരിക്കുന്ന ആട്ടിൻ കുട്ടിയെ കണ്ട്, നേരേ പൊങി ബെതുലഹേമിൽ ഇറങി. പുൽക്കൂട്ടിൽ കിടക്കേണ്ട കുഞാട് തെങിൻ കുഴിയിലോ...? ജോയി അച്ചന്റെ മനസ്സ് മെഴുകുതിരി പോലെ ഉരുകി. അടുക്കളയിൽ പാത്രങൾ വീഴുന്ന ശബ്ദം കേട്ട് ജോയി അച്ചൻ, കുഞാടിന് പുൽക്കൂട് ഒരുക്കുവാൻ പറയാനായി  അടുക്കള വാതിലിലേക്ക് നടന്ന് ലെവലില്ലാതെ വാതിലിൽ തട്ടി വിളിച്ചു.....

"യേശുവേ...യേശുവേ.....” അകത്ത് പാത്രങൾ കഴുകിക്കൊണ്ടിരുന്ന അയ്മുട്ടി ഹാജിയുടെ കെട്ടിയോൾ ഐശു തന്നെയാരോ “ഐശുവേ ഐശുവേ” എന്ന്  വാതിലിൽ തട്ടി  വിളിക്കുകയാണെന്ന് കരുതി, “അരാത്...അരാന്ന്...?!”
പുറത്ത് ജോയി അച്ചൻ സ്വകാര്യമായി “കർത്താവിനെ വിളിച്ചപ്പം മാതാവാണല്ലോ വിളി തന്നത്” പിന്നെ ഉച്ചത്തിൽ ബഹുമാന്റ്തോടെ “ ഇത് കുഞാടാണേയ്.....”
ഐശു “അരാന്ന്...?! “ ജോയി അച്ചൻ “ കഞാടാണേയ്...കുഞാട്...കുഞാട്....”
ഐശു “ ന്റ പടച്ച തംബുരാനേയ് ന്റ കുഞാമ്മദാ..? നാട് വിട്ട് പോയ ന്റ പൊന്നാരിക്കാക്ക കുഞാമ്മദാ..ന്റെ റബ്ബേ..ഈ പായിരാത്രിക്ക്......!!” ഇത്രയും പറഞ് കുഞാമ്മദിനെ കാണാനായി പെട്ടെന്ന് വാതിൽ തുറന്നു. പിപ്പിരിയായി മൊത്തം ഭാരവും വാതിലിൽ ചാരി വെച്ചിരുന്ന ജോയി അച്ചൻ, അകത്തോട്ട് തുറക്കുന്ന വാതിൽ ആയിരുന്നതിനാൽ തുറക്കുന്നതിനിടയിൽ തന്നെ ഐശുവിന്റെ പുറത്തുകൂടി കമിഴ്ന്ന് വീണു ഐശു അടിയിലും ജോയി അച്ചൻ മുകളിലും....

“എന്റെ റബ്ബേ............................!!!!“ എന്ന ഉച്ചത്തിലുള്ള ഐശുവിന്റെ നിലവിളി കേട്ട്, പാതിരാത്രിക്ക് കിരൺ റ്റീവിയിൽ താടിയും തടവി, സത്താറിന്റേയും ശുഭയുടേയും സിനിമ കണ്ട് കൊണ്ടിരുന്ന ഐമുട്ടി ഹാജി പാഞ് വന്ന് നോക്കുംബോൾ അതാ സത്താറും ശുഭയും തന്റെ വീടിന്റെ അടുക്കളയിൽ. അത് കണ്ട് ഐമുട്ടി ഹാജിക്ക് ഭയങ്കര സന്തോഷം തോന്നി...!! പെട്ടെന്നാണ് തലയിൽ വോൾട്ടേജ് വന്നത് അതും 5000 വാട്ട്. ഇത് സത്താറും ശുഭയുമല്ല തന്റെ കെട്ടിയോൾ ഐശുവും വേറേ എതോ സത്താറുമാണെന്ന്.

കഞ്ചാവും ചാരായവും അടിച്ച ജോയി അച്ചനെ, ഐമുട്ടി ഹാജി; ചട്ടി, ചൂൽ, കലം, കയ്യ് ,കാല് ഇതൊക്കെയെടുത്ത് അടിച്ചു. എന്നിട്ട് തിരിച്ച് കിടത്തി നോക്കിയ ഐമുട്ടി ഹാജി ഞെട്ടിപ്പോയി.      “പടസ്സോനേ പള്ളീല ഫാദറ് ജോയിഅച്ചൻ.....അതും കള്ളും കുടിച്ചിട്ട്..”  ഐമുട്ടി ഹാജി ഈ അടിച്ച സാധനങൾ കാല്, കയ്യ്,കലം ചൂൽ ചട്ടി എന്നിങനെ തിരിച്ചെടുത്ത് വീണ്ടും അടിച്ചു. എന്നിട്ട് ഒരു എരിയൻ ഡയലോഗും “ കള്ള ഹമുക്കേ അന്നപോലുള്ള ശൈത്താന്മാര് കാരണം നല്ല ഫാദറച്ചന്മാർക്ക് പോലും ശീത്തപേരാണ്...”

നേരം പുലർന്നു. ജോയി അച്ചൻ കണ്ണിന്റെ കൊളുത്ത് തട്ടി കണ്ണ് തുറന്നു. നല്ല ഐശ്വര്യമുള്ള കാഴ്ച. മുറ്റത്ത് കസേരയിട്ട് അതിൽ മുട്ടാനാട് ഇരിക്കുന്നതുപോലെ  അയ്മുട്ടി ഹാജി ഇരിക്കുന്നു. ചുറ്റും അടക്കം പറയുന്ന ജനക്കൂ‍ട്ടം. അടക്കം പറയുന്ന  ജനക്കൂട്ടത്തിന്  അച്ചടക്കമില്ലതെ കാപ്പിയും അപ്പവും വിൽക്കുന്ന സതീശ് റ്റീഷാപ്പിന്റെ മാനേജർ സതീശൻ. താൻ ഒരു തെങിൽ കെട്ടപ്പെട്ടവനാണെന്ന സത്യം ജോയി അച്ചൻ മനസ്സിലാക്കി. ജോയി അച്ചൻ തന്റെ വിശ്വസ്ഥനായ ചിന്തയെ പിന്നിലേക്ക് പറഞുവിട്ടു. പക്ഷെ ചിന്ത വഴിതെറ്റിയാണു പോയത്. തെങിൻ കുറ്റിയിലിരുന്ന് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുംബോൾ ഐമുട്ടി ഹാജി തന്റെ തലക്കടിച്ച് ബോധം കെടുത്തി അവിടുന്നെടുത്ത് ഇവിടെ കൊണ്ടുവന്ന് തെങിൽ പിടിച്ച് കെട്ടിയിട്ടതായിട്ടാണ്, പോയിട്ട് തിരിച്ചുവന്ന പന്ന ചിന്ത ജോയി അച്ചന് വിവരം നൽകിയത്.

ജോയി അച്ചനെ അഴിച്ചുകൊണ്ട് പോകാൻ അരമനയിൽ നിന്നും ആൾക്കാർ വിവരമറിഞെത്തി.അയ്മുട്ടി ഹാജി അരമനക്കാരോട് തലേ ദിവസം തന്റെ വീട്ടിൽ സംഭവിച്ച കാര്യങൾ വിശദീകരിച്ചു. ഇപ്പോൾ ജോയി അച്ചന് മറ്റൊരു സത്യം കൂടി മനസ്സിലായി, ഐമുട്ടി ഹാജി തന്നെക്കുറിച്ച് കള്ള കഥകളും ഇറക്കിയിരിക്കുന്നു. അച്ചന്റെ പള്ളി രക്തം തിളച്ചു, പള്ളി പല്ല് ഇറുമ്മി, പള്ളി ശരീരം വിറച്ചുകയറി....നല്ല മുള്ളുമുരിക്കിന്റെ കുരിശാണ് കിട്ടിയിരിക്കുന്നതെന്ന് മനസ്സിലായി.

കൂടി നിന്ന ജനക്കൂട്ടത്തെ നോക്കി ഐമുട്ടി ഹാജി പറഞു. “കള്ളടിച്ച അച്ചൻ പിടിച്ച ഐസുവിനെ ഞമ്മ മൊയ് ശൊല്ലിയിരിക്കണ് ഓളെ ഇനി ഞമ്മക്ക് മാണ്ട..!!!” ആൾക്കൂട്ടത്തിനിടയിൽ നിന്ന മൊല്ലാക്ക മൊയ്തീന്റ മോൾ, ആട്ടിൻ കുട്ടി പോലത്തെ  പാത്തുമ്മായെ നോക്കിയിട്ട് ഐമുട്ടി ഹാജി “ഇനിമുതൽ ഓളാണ് ഞമ്മന്റ കെട്ടിയോള്..” കിട്ടിയ ചാൻസ് ഐമുട്ടി ഹാജി നിരപ്പായിട്ടങ്  വിനിയോഗിച്ചു.

ജോയി അച്ചനെ തെങിൽ നിന്നും അഴിച്ച് കൊണ്ടുപോകുവാൻ തുടങിയ കപ്യാരെ ഐമുട്ടി ഹാജി തടഞു!! “വേണ്ട ഫാദറച്ചനെ ഞമ്മള് അയിച്ച് ബിടാം..” “ എടോ ഫാദറച്ചാ..ഇനി മേലിൽ അന്ന ഈ പരിസരത്ത് കണ്ട് പോകരുത്....” ഇത്രയും പറഞ് കെട്ടഴിച്ചു. കെട്ടഴിഞതും, ഒരു സിഗററ്റ് വലിച്ചുകൊണ്ടിരുന്ന തന്നെ ആക്രമിച്ച് ഇത്രയും നാറ്റിച്ചതിന് കലിപൂണ്ട ജോയി അച്ചൻ മുട്ട് കാൽ മടക്കി അയ്മുട്ടി ഹാജിയുടെ സ്വത്ത് വകകളിൽ ഒരൊറ്റ കേറ്റ്...!! സ്വത്ത് വകകൾ തകർന്ന ഐയ്മുട്ടി ഹാജി  കീഴ് മേൽ ചാടി തുള്ളി തുള്ളി  മണ്ണിലിരുന്ന് നിലവിളിച്ചു. സ്വത്ത്  വകയില്ലാത്ത അയ്മുട്ടി ഹാജിയെ തനിക്ക് വേണ്ടാന്ന് ആട്ടിൻ കുട്ടി പോലത്തെ പാത്തുമ്മ, ബാപ്പ മൊല്ലാക്ക മൊയ്തീനോട് പറഞു. സ്വത്ത് വക നഷ്ടപ്പെട്ട ഐമുട്ടി ഹാജിയെ തനിക്കും വേണ്ടാന്ന് ഐശുവും പറഞു........!!!
എറിഞിട്ടതും പോയി, ഉന്നം വെച്ചതും പോയിക്കിട്ടി !

കുളം കലങിയ സ്വത്ത് വകകളുമായി മണ്ണിൽ കിടന്ന് പുളയുന്ന ഐമുട്ടി ഹാജിയുടെ അടുത്ത് ചെന്ന്  കലിയടങാത്ത ജോയി അച്ചൻ, കുനിഞ് നിന്ന് പറഞു “പാപം ചെയ്തവന് കർത്താവ് ശിക്ഷ കൊടുക്കും” പറഞുതീർന്നില്ല, തൊട്ടടുത്ത് നിന്ന കൊന്ന തെങിൽ നിന്നും  എലി കുത്തി നിർത്തിയിരുന്ന സാമാന്യം തരക്കേടില്ലാത്ത ഒരു കരിക്ക് വന്ന് കുനിഞ് നിന്ന ജോയി അച്ചന്റെ മുതുകത്തേക്ക് ലാൻഡ് ചെയ്തു. വെടികൊണ്ടവനെ ഓടിച്ചിട്ട് മിസൈൽ കുത്തിയ ഇടപാടായി.
എങിനെയെങ്കിലും തിരികെ വന്ന ബോധം ഇനി അടുത്തകാലത്തൊന്നും ജോയി അച്ചനിലേക്കില്ലെന്ന് കട്ടായം പറഞ് യാത്രയായി. നാട്ടുകാർക്ക് രണ്ട് പണിയായി.....


ഈ സമയം മാ‍യിൻ കുട്ടിയുടെ വീട്ടിൽ, തലേ ദിവസം മഞ്ചേരിയിലെ വീട്ടിൽ നിന്നും പിണങി വന്ന മായിൻ കുട്ടിയുടെ 60 കഴിഞ, ബീഡി വലിക്കുന്ന സ്വഭാവമുള്ള വല്യുമ്മ മൈമൂന, മായിൻ കുട്ടിയെ കാണാനായി രാവിലേ മായിൻ കുട്ടിയുടെ മുറിയിൽ ചെന്നു.മായിൻ കുട്ടി നല്ല ഉറക്കം. തലയിണയുടെ അടുത്ത് കശുള്ള വീട്ടിലെ 10 വയസ്സുള്ള പിള്ളേരെ പോലെ, സാധാരണയിൽ കവിഞ്ഞ് കനമുള്ള രണ്ട് ബീഡി ഇരിക്കുന്നത് കണ്ടു. വലിപ്പം കണ്ട് ഒരെണ്ണം മൈമൂനുമ്മ എടുത്ത് നേരേ അടുക്കള മുറ്റത്തെ 100 അടി താഴ്ചയുള്ള കിണറ്റിന്റെ വക്കിൽ കയറിയിരുന്ന് തീപ്പെട്ടിയെടുത്ത് ഉരച്ച് കത്തിച്ചു.............!!!!!!
ശുഭം....!!!!

ഭായി

-------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും  റീട് നിങള്‍ക്കുള്ളതും!!