Thursday, October 29, 2009

അറബിമാഡത്തിനൊരു പ്രസന്റേഷന്‍!

29.10.2009
09.19 PM

അറബിമാഡത്തിനൊരു പ്രസന്റേഷന്‍!

പരമനും ഞാനും ദുബൈയില്‍ ഒരേ  കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഷവ്വിസ് ഫിയാസ് ബറക്ജി ഇമ്പോര്‍ട്ടിംഗ് ആന്റ് എക്സ്പോര്‍ട്ടിംഗ് കോ എന്നാണ് കോയുടെ പേര്. പേര് വായിച്ച് ഏതെങ്കിലും പെറുക്കിയുടെ കമ്പനിയാണെന്ന്  ആരും തെറ്റിദ്ധരിക്കരുത്. അറബിയാണ് കമ്പനിയുടെ  ഉടയോന്‍. വലിയ കാശുകാരന്‍.
കയറ്റുമതി ഇറക്കുമതി കമ്പനിയാണെങ്കിലും  ഒരു കാലത്തും അയാള്‍ക്ക് ഒന്നും കയറ്റിയും ഇറക്കിയും മതിയാകില്ല. അക്കാരണമൊന്നുകൊണ്ട് മാത്രം ഞങ്ങൾ ചിക്കന്‍ ഫ്രൈയും ബിരിയാണിയുമൊക്കെ കഴിച്ച് ഒരു വിധം കഷ്ടപെട്ട് ജീവിച്ച് പോന്നു.

ആ കമ്പനിയിൽ ഞാനും പരമനും ക്ലര്‍ക്കായിരുന്നു. പരമന്‍ കുശാഗ്ര ബുദ്ധിമാന്‍. അറബിയുടെ വീക്നെസ്സ് എന്താണെന്ന് ഇതിനിടയില്‍ അവന്‍ കണ്ടുപിടിച്ചു. മിസ്സിസ്സ് അറബി പറയുന്നതിനപ്പുറം മിസ്റ്റർ അറബിയ്ക്ക് മറ്റൊന്നുമില്ല. അറബിക്ക് മിസ്സിസ് അറബിയോട് പെരുത്തിഷ്ടമാണ്.

റോമിയോ ജൂലിയറ്റ്, ലൈലാ മജ്നു,  ഷാരൂഖ് ഖാന്‍ കജോള്‍, ശങ്കര്‍ മേനക, പ്രേംനസീര്‍ ഷീല, എന്നൊക്കെ പറയുന്നതു പോലെയായിരുന്നു അവര്‍. മിസ്സിസ് അറബിയുടെ ഭാഗ്യത്തിന് അറബിക്ക് താജ്മഹലിന്റെ കഥയൊന്നും അറിയില്ലായിരുന്നു ഇല്ലെങ്കില്‍ ഭാര്യയ്ക്ക് സന്തോഷം തോന്നാനായി ഭാര്യ മരിക്കുന്നതിന് മുന്‍പ് അവരെ കൊന്നിട്ടെങ്കിലും ഒരു താജ്മഹല്‍ പണിത് കൊടുത്തുകളയുമായിരുന്നു.അത്രക്കുണ്ട് സ്നേഹം.

ഞാനും പരമനും ഈ മ്പനിയില്‍ ക്ലര്‍ക്കിക്കൊണ്ടിരിക്കുമ്പോൾ, പരമന്‍ ലീവിനു നാട്ടില്‍ പോയി  തിരികെ വരുന്നവഴിക്ക് ഡല്‍ഹി വഴി വന്നു. അവന്റെ ഏതോ അമ്മായി വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. ഡല്‍ഹി ബസാറില്‍ വായും നോക്കി നടന്ന കൂട്ടത്തില്‍, അറബി മാഡത്തിന് കൊടുക്കുവാനായി ഒരു സമ്മാനവുമായാണ് പരമന്‍ ദുബായില്‍ തിരികെയിറങ്ങിയത്.

കൊടുക്കുന്നതിനു മുന്‍പ് ആ സമ്മാനം അവന്‍ എന്നെ കാണിച്ചു. അത് കണ്ട് ഞാനൊന്നു ഞെട്ടി!
ഒരു ഡ്രസ്സ്. ഡ്രസ്സെന്നു പറഞാല്‍ ലൂസായ ഒരു പാന്‍സും ഫുള്‍ കൈയുള്ള ഇറക്കം കുറഞ്ഞ ഒരു ബ്ലൌസു പോലത്തെ സാധനവും, പാന്‍സിന്റെ തുടക്ക് താഴോട്ട് കീറി കീറി തൂങ്ങി തൂങ്ങി  കിടക്കുന്നു.പാന്‍സിലും ബ്ലൌസിലുമെല്ലാം കൊളുത്തുകളും വളയങ്ങളും  കിലുക്കുകളും മിനുക്കുകളും ദ്വാരങളും. ചുരുക്കി പറഞാല്‍ സിനിമയിൽ  ഐറ്റം ഡാന്‍സ് ചെയ്യാന്‍ വരുന്ന ആട്ടക്കാരികളൊക്കെ ഇടുന്ന ഒരു ആട്ട സാധനം.ഇത് കൊടുത്താല്‍ അവര്‍ക്ക് ഇഷ്ടപ്പെടുമോയെന്ന് അവനൊരു സംശയം!

മലയാളിയായ എന്റെ ഉള്ളില്‍ അന്തര്‍ലീനമായ പാര ബാഹര്‍ലീനമായി. ഞാന്‍ ഒരു മലയാളി എന്ന നിലക്ക് എന്റെ നാട്ടുകാരനും സഹപ്രവര്‍ത്തകനും സഹമുറിയനും പരമോപരി എനിയ്ക്ക് വേണ്ടുന്ന പരസഹായങ്ങൾ ചെയ്തുതരാറുമുള്ള പരമനിട്ട് പാര  പണിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഞാന്‍ ബോധവാനായി. അറബിയായ അവര്‍ക്കിതു കൊടുത്താല്‍ ഉണ്ടാകുന്ന ഭവിശ്യത്തുകള്‍ ത്രീ ഡി വിഷനില്‍ സ്ക്രീനില്‍ മിന്നി മറഞ്ഞു! ഇവന്റെ പടം ഇതോടെ മടങ്ങുമെന്ന് എനിക്കുറപ്പായി.അതിനാല്‍ സംശയിച്ചുനിന്ന പരമന് നിരുപാധിക പിന്തുണ ഞാന്‍ പ്രഖ്യാപിച്ചു.

മാഡത്തിന് പര്‍ദയല്ലാതെ  അറബി ഇതുപോലെ കിലുങ്ങുന്നതും  മിനുങ്ങുന്നതുമായ  ആട വാങ്ങി കൊടുത്തിട്ടുണ്ടോ..ഇതിലും നല്ലൊരു സമ്മാനം വേറെന്താ അവര്‍ക്ക് കൊടുക്കാന്‍ കിട്ടുക...?
നിന്റെ സമയം തെളിയും, എരിയും, പുകയും,  കത്തും...ഇങ്ങനെയുള്ള  എന്റെ പ്രോത്സാഹനം കേട്ട്, അറച്ചുനിന്ന പരമന്‍ ആ രാത്രി തന്നെ ടാക്സി പിടിച്ച് അറേബ്യന്‍ ബംഗ്ലാവിലേക്ക് പോയി സമ്മാനം കൊടുത്തു.

പിറ്റേന്ന് സമയം പകല്‍ 11 മണി. ഒരു ബി എം ഡബ്ലിയു കാര്‍ ഓഫീസിനു മുന്നില്‍. അതില്‍ നിന്നും മാഡം ഇറങ്ങി ആടിയാടി  ഓഫീസിലേക്ക് വന്ന്  അറബിയുടെ മുറിയിലേക്ക് കയറി പോയി.
പോകുന്നതിനു മുന്‍പ് പരമനെ അവരൊന്നു നോക്കി.

പരമന്റെ പടം മടക്കാനുള്ള വരവാണതെന്ന് ഞാന്‍ ഉറപ്പിച്ചു. അവന് അറബിയുടെ കയ്യില്‍ നിന്നും അടിയും  കിട്ടുമെന്ന് ഞാന്‍ തറപ്പിച്ചു.

ഫിലിപ്പീനി സെക്രട്ടറി പെണ്ണിന്റെ കാളിങ്ങ് ബെൽ ..“ മീസ്റ്റര്‍ പരം..... ബൂസ് ക്വാളിങ്ങ്  യൂ....

മീസ്റ്റര്‍ പരമിന്റെ  ബൂസിന്റെ റൂമിലേക്കുള്ള അന്ത്യ നടത്തം....
അകത്തുനിന്ന് ഉച്ചത്തിൽ എന്തെങ്കിലും ശബ്ദം...? ഇല്ല..  ഒന്നും കേള്‍ക്കുന്നില്ല...! പെന്‍സില്‍ കൂര്‍പ്പിക്കുന്ന ഷാര്‍പ്നര്‍ എടുത്ത് ചെവി കൂര്‍പിച്ചലോ എന്നോര്‍ത്തു..
അഞ്ചു മിനിറ്റ് കഴിഞ്ഞ് പരമന്‍ വെളിയിലേക്ക് വന്നു. മുഖത്ത് ഭയങ്കര ചിരിയും സന്തോഷവും.
ജോലി നഷ്ടപെട്ട ആഘാതത്തില്‍ വട്ടായിക്കാണുമെന്ന് ഞാനൂഹിച്ചു....പാവം..ഇന്നു രാവിലേയും അവൻ എനിയ്ക്ക് പുട്ടും മുട്ടറോസ്റ്റും, ചായയും വാങ്ങി  തന്നതാണ്...എത്ര പെട്ടെന്നാണ് ഓരോന്ന് സംഭവിക്കുന്നത്.....

എന്നാല്‍ എന്റെ സര്‍വ്വ പ്രതീക്ഷകളെയും കാലില്‍ തൂക്കിയെടുത്ത് തറയില്‍ അടിച്ചുകൊണ്ട് പരമന്‍ എല്ലാവരോടുമായി പറഞു.....എനിക്ക് പ്രമോഷനായി...അക്കൌണ്ടന്റ്...1000 ദിര്‍ഹം ശമ്പളവും  കൂട്ടി...കൂട്ടത്തില്‍ എന്നോട് അളിയാ...നീ പറഞത് സത്യമാടാ...ആ സമ്മാനം മാഡത്തിന് ശരിക്കും ബോധിച്ചു...മാഡം എനിക്കുവേണ്ടി ബോസിനോട് റെകമെന്റ് ചെയ്തു...സംഗതി ഒ കെ...

ശ്ശെടാ...ഇതെന്ത് മറിമായം?! കൈപ്പത്തിയ്ക്ക് കുത്തിയത് അരിവാളിന് കൊണ്ടതു പോലായല്ലോ...

ങ്ങിനെ ഞാന്‍ പഴയതു പോലെ ക്ലര്‍ക്കിക്കൊണ്ടും അവന്‍  പുതിയതുപോലെ അക്കൌണ്ടിക്കൊണ്ടും ജോലി തുടര്‍ന്നു.
അപ്പോഴും മനസ്സില്‍ ഒറ്റ ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു. നാട്ടില്‍പ്പോയി തിരികെ വരുമ്പോൾ ഇതിലും നല്ലൊരു സമ്മാനം മാഡത്തിനു കൊടുത്ത് ഇതിലും നല്ലൊരു പ്രമോഷനും ശംബളോഷനും അടിച്ചെടുക്കണം.....

ലീവായി നാട്ടില്‍പ്പോയി. തിരികെ വരാനുള്ള ദിവസങ്ങൾ ബുള്‍ഡോസര്‍ വെച്ച് തള്ളിനീക്കി.
അമ്മായിയോ മരുമകളൊ ആരും ഡല്‍ഹിയിലില്ല...എന്നിട്ടും ഡല്‍ഹിക്ക് വെച്ചുപിടിച്ചു..പന്ത്രണ്ടര അമ്മായിമാരുണ്ടായിട്ട് (ഒരെണ്ണം പൊക്കം കുറവാണ്) ഒരെണ്ണത്തിനുപോലും പോലും ഡല്‍ഹിയില്‍ വന്ന് താമസിക്കാൻ തോന്നാത്തതിന് വായില്‍ തോന്നിയതെല്ലാം മനസ്സില്‍ പറഞ്ഞ് മനസ്സിനെ സാറ്റിസ്ഫൈ ആക്കി.

മാഡത്തിന് സമ്മാ‍നമായി അതിനെക്കാ‍ളും അടിപൊളി ഡ്രസ്സിനു വേണ്ടി കടകളായ കടകളൊക്കെ കയറിയിറങ്ങി  അവസാനം ഒരെണ്ണം ഒപ്പിച്ചു.അടിപൊളി! ഇടിവെട്ട്! മിന്നല്‍! പേമാരി! സുനാമി! എന്നൊക്കെ പറയാം ആ ഡ്രസ്സിനെക്കുറിച്ച്!
 അറ്റം കീറിയ ഒരു നിക്കര്‍. അതില്‍ നിറയെ കിലുക്കുകളും മുത്തുകളും. പിന്നൊരു ബ്രായെക്കാളും അല്പം വളര്‍ചയുള്ള ബ്ലൌസ്. വേണമെങ്കില്‍ ബ്രൌസ് എന്നുപറയാം അതില്‍ കുറച്ച് വള്ളികളും. നമ്മുടെ മുമൈദ്ഖാന്‍ ഇട്ടിട്ട് തുള്ളാറുള്ളതു പോലൊരു സാധനം. പരമന്റെ ഡ്രസ്സിന് 1000 ദിര്‍ഹം കൂട്ടി കിട്ടിയെങ്കില്‍ ഇതിന്റെ എടുപ്പും കിടപ്പുമൊക്കെ കണ്ടിട്ട് ഒരു 2000 ദിര്‍ഹം കിട്ടണം.

നേരെ അറബിബംഗ്ലാവ് - വയാ ദുബായ് റൂം. പരമനറിയാതെ  പരമ രഹസ്യമായി സാധനം കവറോടെ മാഡത്തിനു സമ്മാനിച്ചു...

നെക്സ്റ്റ് ഡേ. സ്ഥലം ഒഫീസ്. സമയം രാവിലെ 8 മണി .അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി. ഹുമിഡിറ്റി 80 ശതമാനം. പുറത്ത് മെഴ്സിഡീസില്‍ അറബി വന്നിറങ്ങി....കാബിനില്‍ പോകാതെ നേരേ എന്റടുത്തേക്ക്..
ഇന്നലെത്തന്നെ മാഡം ബോസിനോട് എല്ലാം സംസാരിച്ച്  സെറ്റപ്പാക്കിക്കാണണം.....! എന്റെ മേലാകെ  കോരിയും   കോരാതെയുമൊക്കെ തരിച്ചു....അടുത്ത് എത്തുന്നതിനു മുന്‍പ് തന്നെ ബോസറബിയുടെ വിളി....
അതും എന്റെ നേരേ നോക്കി...ഇന്ത ഗവ്വാത്ത്..ഇന്ത ഹിമാര്‍...ഇന്ത മജ്നൂന്‍ ഹറാമീ.....
അറബി ഭാഷ അറിയാവുന്നവര്‍ക്ക് കാര്യങ്ങൾ   മനസ്സിലായിക്കാണും.
അറബിയറിയാത്തവരേ..ഇതിന്റെ അര്‍ത്തം, “നീ ഗര്‍വ്വ് ഇല്ലാത്തവനാണ്.....നീ ഹിമാലയത്തോളം വലിയവനാണ്...നിനക്ക് മഞ്ച് വാങ്ങിത്തരാം...നിനക്ക് റമ്മുവാങ്ങിത്തരാം....എന്നൊന്നുമല്ലാ...

ഇതിന്റെ അര്‍ത്തമറിഞ്ഞാൽ നിങ്ങൾ  നെഞ്ചിലിടിച്ചു കരയും..എടാ..മ്രിഗമേ..കോവര്‍കഴുതേ..വട്ടന്‍ പിരന്താ..തന്തക്കു പിറക്കാത്തവനേ....എന്നൊക്കെയാണ്..
ഇത്രയും പറഞ് ഇന്നലെ കൊടുത്ത സമ്മാനം എന്റെ മുഖത്തു വലിച്ചൊരേറ്....തുണി സമ്മാനമായി കൊടുത്തത് ഭാഗ്യം...വല്ല പൊതിച്ച തേങ്ങയോ  ഉലക്കയോ മറ്റോ ആയിരുന്നെങ്കില്‍ എന്റെ മുഖം...??!

അടുത്തതായി അറബി എന്റെ കഴുത്തിനു പിടിച്ചുകൊണ്ട് പറഞു..യാ കല്‍ബ്.. മാഫീ ഷുഗില്‍ മല്‍ ഇന്ത..യാ അള്ളാ..റൂഹ്.......
ഹേയ് ഇതു വേറൊന്നുമല്ല..ടാ...പട്ടീ....നിനക്കിന്നുമുതല്‍ ഇവിടെ ജോലിയില്ല, ഇപ്പം ഇവിടെനിന്നും സ്ഥലം  കാലിയാക്കണം....”  അതേയുള്ളൂ. അന്തം വിട്ട ഞാന്‍ തിരിഞ് നടക്കുന്നതിനിടയില്‍ തലയിലെ വട്ടക്കയറൂരി കാളയെ അടിക്കുന്നതു പോലെ മുതുകത്ത് ഒരടിയും...
ഹേ..യ്..അത് സാരമില്ല...!

ജിഞ്ചര്‍ തിന്ന ബന്തറിനെപ്പോലെ  തിരികെവന്ന് വില്ലയിലെ റൂമിലിരുന്ന എന്നോട് രാത്രി പരമദ്രോഹി പരമന്‍ പറയുമ്പോഴാണ് സംഭവങള്‍ അറിയുന്നത്. ഞാന്‍ കൊടുത്ത സമ്മാനം എടുത്തണിഞ്ഞ മാഡം, പുറത്തുപോയിരുന്ന അറബിയെയും കാത്തിരുന്ന് കട്ടിലില്‍ കിടന്നുറങ്ങിപ്പോയി .തിരികെവന്ന അറബി, കീറിയതു പോലുള്ള ഈ ഡ്രസ്സും അതിട്ടുകൊണ്ടുള്ള അവരുടെ കിടപ്പുമെല്ലാം കണ്ടപ്പോള്‍ അവരെ ആരോ പീഡിപ്പിച്ച് കിടത്തിയിരിക്കുകയാണെന്ന് ധരിച്ചു.

പീഡിപ്പിച്ചെങ്കില്‍, അത് തോട്ടക്കാരനായ മലയാളി  മമ്മുണ്ണിയായിരിക്കുമെന്ന് നല്ല അന്തര്‍ദേശീയ വിജ്ഞാനമുള്ള അറബി ഉറപ്പിച്ചു.(അവിടെ പാക്കിസ്ഥാനി, തമിഴന്‍,ശ്രീലങ്കന്‍,ഫിലിപ്പീനി ഇവരും ജോലിക്കാരായുണ്ട്)
പീഡിപ്പിക്കാന്‍ പോയിട്ട് ഒരു ബീഡി വലിക്കാനുള്ള ജീവന്‍പോലുമില്ലാത്ത മമ്മുണ്ണിയെ അറബി, തെങ്ങില്ലാത്തതു കൊണ്ട് ഈന്തപനയില്‍ പിടിച്ചുകെട്ടി. ഓലമടൽ ഇല്ലാത്തതുകൊണ്ട് ഈന്തമടലെടുത്ത് സിക്സും ഫോറും ഡബിളും സിംഗിളും ഒക്കെ അടിച്ച് മഴക്കു മുന്നേ  വേഗം ഹാഫ് സെഞ്ചുറി തികച്ചു...

ബഹളം കേട്ട് -മുമൈദ്ഖാന്‍ മാഡം’- കിടക്കയില്‍ നിന്നും എഴുന്നേറ്റുവന്ന്   അറബിയോട് സമ്മാനത്തിന്റെ കാര്യം പറഞു...അറബി ഈ സമ്മാനം അംഗീകരിച്ചില്ല..
സമ്മാനം ഈ പിഞ്ച് ഞാന്‍, അവരെ വശീകരിക്കാനും വശത്താക്കാനും വഴിതെറ്റിക്കാനും നല്‍കിയതാണെന്നായി അറബി. അറബിക്കണവൻ ചൂടിലാണെന്ന് മനസ്സിലാക്കിയ അറബിക്കണവി നാഥാ...നീ പറഞത് ശരിയായിരിക്കും...എന്ന് പറഞ് അറേബ്യന്‍ ഉണ്ണിയാര്‍ച്ചയായി മാറി...

ബാക്കി കാര്യങ്ങള്‍ നിങ്ങ ള്‍ക്കറിയാം..ആ റൂമില്‍നിന്നും ഞാന്‍ മാറി. അന്ന് മാന്ദ്യമൊന്നുമില്ലാത്തതു കൊണ്ട് കഷ്ടപെട്ട് രണ്ട് മാസം കൊണ്ട് കുറഞ്ഞ ശമ്പളത്തിൽ വേറൊരു ജോലി എങ്ങിനെയൊക്കെയോ കണ്ടെത്തി..

ആറ് മാസങ്ങ ള്‍ക്ക് ശേഷം എന്റെ പഴയൊരു കൂട്ടുകാരന്‍ നിജാബിനെ കഴിഞ്ഞയാഴ്ച ഞാ‍ന്‍ കണ്ടു.
അവനില്‍ നിന്നും ഒരു വിവരവും ഞാനറിഞു.ആ പരമ ദ്രോഹി പരമന്‍ ആ കമ്പനിയിൽ  ഇപ്പോള്‍ അഡ്മിനിസ്ട്രേഷന്‍ മാനേജരാണെന്ന്.....!!  വീണ്ടും 5000 ദിര്‍ഹവും കൂട്ടി കിട്ടിയെന്ന്..!! എങ്ങിനെയെന്നോ..?

അന്ന് അറബി എനിക്കു നേരേ വലിച്ചറിഞ്ഞ ആ മുമൈദ്ഖാന്‍ ഡ്രസ്സ് അവനെടുത്തുവെച്ചിരുന്നു.
രണ്ട് മാസത്തിനുശേഷം, ഒട്ടക പ്രാന്തനായ അറബിയുടെ ഒട്ടകം പ്രസവിച്ചപ്പോള്‍ ആ മുമൈദ്ഖാന്‍ നിക്കര്‍ അവനെടുത്ത് തുണികൊണ്ടുള്ള ഒന്ന് രണ്ട് പൂക്കള്‍ വെച്ച് പിടിപ്പിച്ച്  ചില  മോഡിഫിക്കേഷനൊക്കെ വരുത്തി ഒട്ടകക്കുട്ടിയ്ക്ക് അവന്റെ വക ഒരു ഗിഫ്റ്റ് എന്നുപറഞ് ഒട്ടകക്കുട്ടിയ്ക്ക് ഒരു ജട്ടിയായി അത് കൊണ്ടിട്ടുകൊടുത്തു.

ഡക്കേറഷനൊക്കെയുള്ള ജട്ടിയിട്ട ഒട്ടകക്കുട്ടിയെ കണ്ട് അറബി ഞെട്ടി. അറബിച്ചിയും കൂടെഞെട്ടി. ഒട്ടകക്കുട്ടിയും ഞെട്ടി.. ഉമ്മ ഒട്ടകവും ഞെട്ടി.....
പരമന് അറബിയുടെ വക ഉമ്മ, അറബിയുടെ ഉമ്മയുടെ ഉമ്മ, മാഡത്തിന്റെ ഉമ്മ, ഒട്ടകക്കുട്ടിയുടെ ഉമ്മ, ഒട്ടക ഉമ്മയുടെ ഉമ്മ,   കൂട്ട ഉമ്മ......പ്രമോഷന്‍.......ഇങ്ക്രിമെന്റ്......

എന്റുമ്മാ................................................ഞാന്‍ ഞെട്ടിപ്പോയീ….!!! കുറച്ച്...വെള്ളം....കിട്ടിയാല്.. ഉപകാരം....! കള്ളറ് വെള്ളമായാലും പ്രശ്നമില്ല...!!

ഭായി

--------------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും കോപ്പി റീട് നിങള്‍ക്കുള്ളതും!!

Friday, October 16, 2009

ദീപാവലിയും നിലവിളിയും

ദീപാവലിയും നിലവിളിയും
                                                                        


1990 ലെ ഒരു ദീപാവലി ദിവസം, അമ്മ അമ്മയുടെ  പുന്നാര ആങ്ങളക്കു തന്നു വിട്ട മധുരപലഹാരങളുമായി നേരമ്മാ‍വന്റെ 30 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു ഞാന്‍ യാത്രയായി.
അമ്മാവന്‍ പട്ടാളത്തില്‍ നിന്നും ഇടക്ക് കൈ കൊടുത്ത് പിരിഞുവന്നതിനു ശേഷം (കാരണം വഴിയേ പറയാം) 5 വര്‍ഷമായി എല്ലാ ദീപാവലിക്കും അമ്മ അമ്മാവനു മുടങ്ങാതെ മധുരപലഹാരം എത്തിക്കാ‍റുണ്ട്. കഴിഞ വര്‍ഷങ്ങളില്‍ അമ്മ നേരിട്ട് പലഹാരങളുമായി അവിടെ അവതരിക്കുമായിരുന്നു.
വാതം അമ്മയുമായി പ്രേമത്തിലായതിനു ശേഷം ആ വര്‍ഷം ഈ കൃത്യം അമ്മ എന്നെ ഏല്‍പ്പിച്ചു.
സന്തോഷത്തോടും കൃതക്ഞതയോടും കൂടി ആ ജോലി ഞാനേറ്റെടുത്തു.

മിലിട്ട്രിയമ്മാവന്‍ മധുരം കഴിക്കുന്നതിലല്ല എന്റെ സന്തോഷം, അമ്മാവന്‍ മധുരമോ മണ്ണാങ്കട്ടയോ കഴിക്കട്ടെ എനിക്കെന്താ..? കെട്ടുപ്രായമായി നില്‍ക്കുന്ന അമ്മാവന്റെ മകള്‍ മഞ്ജുളയെ കാണാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.ദീപാവലിയല്ലേ മഞ്ജുളക്കൊരു സന്തോഷമായിക്കോട്ടെയെന്നു കരുതി പട്ടണത്തില്‍ നിന്നും കംബിമത്താപ്പ്,റോക്കറ്റ്,പൂത്തിരി,തറചക്രം,മാലപടക്കം,ഓലപടക്കം തുടങിയ പടപടക്കങളും,തിരികളുമായാണ് ഞാന്‍ അവിടെ അവതരിച്ചത്.

മിസ്സിസ് മിലിട്ട്രിച്ചി അതായത് അമ്മായി എന്നെ കണ്ടപാടേ “ എടീ ചുളേ.... എടീ മഞ്ചുളേ..ആരാടീ ഈ വന്നേക്കുന്നതെന്നു നോക്കിയേ..“   അതാ വാതില്‍ക്കല്‍ മഞ്ചുള..അവള്‍ വളര്‍ന്നതിനു ശേഷം ആദ്യമായിട്ടാണ് കാണുന്നത്. എന്നെ കണ്ടയുടന്‍ ആകെയുള്ള 32 പല്ലും കാട്ടി അവള്‍ ചിരിച്ചു. മനുഷ്യകുലത്തിനു പല്ല് 32ല്‍ ഒതുക്കിയതിനു ദൈവത്തിനു നന്ദി!അല്ലെങ്കില്‍ ഞാന്‍ ഭയന്നുപോയേനേ! ഇത്രയും പല്ലില്‍  അവളെ കാണാന്‍ നല്ല ഭംഗിയുണ്ട്.

വര്‍ഷത്തില്‍ എല്ലാ ദിവസവും അല്ലെങ്കില്‍ മാസത്തിലൊരിക്കലെങ്കിലും ദീപാവലി വെക്കാത്തതിനു  കലണ്ടറടിക്കുന്ന എല്ലവനേയും കറണ്ടടിക്കണേയെന്ന് ശക്തമായി ഞാന്‍ ശപിച്ചു.

അമ്മായിക്കും മഞ്ജുളക്കും എന്നോട് ഭയങ്കര സ്നേഹം.എന്നെകണ്ടപ്പോള്‍ മിസ്റ്റര്‍ മിലിട്ടറിയുടെ മുഖം ബിന്‍ലാദനെയും, നജാദിനെയും, ഹൂഗോഷാവേസിനേയും ഒരുമിച്ചു കണ്ട ബുഷിന്റെ മുഖം പോലെയായി. കൂടെ ആക്കുന്ന ഒരു ചോദ്യവും “എന്തു വേഷമാടാ ഇത്... ഒരുമാതിരി.. കല്യാണ ബസ്സ് വന്നു നിന്നതുപോലെ..”

മഞ്ജുളയെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാനായിഒരു കറുകറുത്ത കൂളിംഗ്ലാ‍സ്സ് മുഖത്തു വെച്ചതിനു മിസ്റ്റര്‍ മിലിട്ടറി എന്നെ ഒന്നു പ്രെസ്സ് ചെയ്തതാണെന്നു മനസ്സിലായി.എന്നെയൊന്ന് തറ്പ്പിച്ചു നോക്കിയ ശേഷം മിലിട്ടറി പറംബിലേക്ക് നടന്നു.

ഞാന്‍ കെട്ടും സാമാനങളുമായി അകത്തുകയറി. പൊതി തുറന്ന് പടക്കങ്ങള്‍ കണ്ടപ്പോള്‍ മഞ്ജു തുള്ളിചാടി.കാരണം അമ്മാവന്‍ പട്ടാളത്തില്‍ നിന്നും ബൈ പറഞു വന്നശേഷം പിന്നീടിതുവരെ ആ വീട്ടില്‍ പടക്കങള്‍ കടന്നു വന്നിട്ടില്ല.മിലിട്ടറിയമ്മാവന് വെടി ശബ്ദം കേട്ടാല്‍ തിരിച്ചു വെടി വെക്കണമെന്നു തോന്നുമത്രേ...

കാര്യമതൊന്നുമല്ല. അമ്മാവന്‍ പട്ടാളത്തിലായിരിക്കുംബോള്‍ അമ്മാവന്റെ ഭാഗ്യത്തിനോ അതോ ശത്രുപക്ഷത്തിന്റെ കഷ്ടകാലത്തിനോ അമ്മാവന് യുദ്ധത്തിലൊന്നും പ്ങ്കെടുക്കേണ്ടിവന്നിട്ടില്ല.
അമ്മാവന്‍ ഈ ഫ്ലാഗ് മാര്‍ച്ച്,പരേഡ് ഒഫ് ആഗസ്റ്റ് 15, ജനുവരി 26, റമ്മടി തുടങിയ പരിപാടികളുമായി സസുഖം പട്ടാളത്തില്‍ വാഴുംബോള്‍ അമ്മാവന്‍ നിന്ന സ്ഥലത്തുനിന്നും 36 പോയിന്റ് 5 കിലോമീറ്റര്‍ ദൂരെ ഒരു മൈന്‍ പൊട്ടിത്തെറിച്ചു പത്തുപേര്‍ക്കു പരിക്കുപറ്റിയ അന്നുതന്നെ പെട്ടിയും കെട്ടി വീര ശൂര പരാക്രമിയായി ജയ് ജവാന്‍ എന്നും പറഞ് തിരികെ പോന്നു. അന്നു തുടങിയതാണ് എല്ലാ വെടി ശബ്ദങ്ങളോടും ഇത്രക്ക് ശത്രുത.

എം എല്‍ എ ക്ക് നാട്ടുകാർ നല്‍കിയ നിവേദനം പോലെ അമ്മായിയുടെ മുന്നറിയിപ്പിനെ നിഷ്കരുണം തള്ളികൊണ്ട് മഞ്ജുവിനു വേണ്ടി പടക്കം  പൊട്ടിക്കാന്‍ ഞാന്‍ തയ്യാറായി.

സന്ധ്യക്ക് മില്‍ട്ട്രിയമ്മാവന്‍ പതിവു പോലെ സഹ അമ്മാവന്മാരുമായി വെടിക്കഥകള്‍ പറയാന്‍ പുറത്തുപോയ സമയം മഞ്ജുവിനേയും പടക്കങളേയും ഒരു മണ്ണെണ്ണ വിളക്കിനേയും കൂട്ടി ഞാന്‍ പുറത്തിറങി. മിലിറ്ററി തിരികെ വരുന്നതിനു മുന്‍പ് ഓപ്പറേഷന്‍ ഫിനിഷ് ചെയ്യാം എന്ന് പ്ലാന്‍ ചെയ്തു.

പൂക്കുറ്റി, തറചക്രം ഇതില്‍ തുടങ്ങി കംബിമത്താപ്പിലേക്ക് ഞാന്‍ മുന്നേറികൊണ്ടിരുന്നു.മഞ്ജു എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.ഇത്രയുമായപ്പോള്‍ ഓസിനു കാണാനായി അമ്മായിയും പുറത്തുവന്നു. വീണ്ടും വീണ്ടും മഞ്ജുവില്‍ നിന്നും പ്രോത്സാഹനം കിട്ടുവാനായി പരിപാടികള്‍ ഒന്നു കൂടി വികസിപ്പിച്ചു...!കംബിമത്താപ്പ് കത്തിച്ചു വീട്ടുമുറ്റത്തു നിന്ന ഉയരമുള്ള തെങിന്റെ മുകളിലേക്കെറിഞു അത് തെങോലയില്‍ കൊരുത്ത് തൂങ്ങി കിടന്നു കത്താന്‍ തുടങി. മഞ്ജുവിന്റെ അടുത്ത കമന്റ്.. “ ഹായ് എന്നാ.. ഭംഗി... ഈ ചേട്ടന്റെയൊരു ബുദ്ധി..” ഞാന്‍ വിടുമോ...? രണ്ടെണ്ണം ഒരുമിച്ചു കത്തിച്ച് തെങിന്‍ മുകളിലേക്കെറിഞു... ഒന്ന് ഓലയില്‍ കൊരുത്തു കിടന്ന് കത്തുന്നു രണ്ടാമൻ തെങിന്റെ മണ്ടയില്‍ വീണുകിടന്ന് കത്തുന്നു..‘‘ അയ്യൂ...അയ്യൂ..എന്നാ ഭംഗിയാ എന്നാ തലയാ ഈ ചേട്ടന്..”

ഇനി നീ എന്തിക്കെ കാണാന്‍ കിടക്കുന്നു എന്നുപറഞുകൊണ്ട് മാലപ്പടക്കം കത്തിക്കാനായി കൈയ്യിലെടുത്ത്, തെങിന്മുകളിലേക്ക് കംബിമത്താപ്പ് കത്തിതീരുന്നതും നോക്കി അഭിമാനപൂര്‍വ്വം എ പി ജെ അബ്ദുല്‍ കലാം നില്‍കുന്നതുപോലെ നിന്നു!
ങേ........മത്താപ്പ് കത്തിതീര്‍ന്നിട്ടും തെങിന്റെ മണ്ടയില്‍ ചെറിയൊരു തിളക്കം...തിളക്കം പതിയെ കയ്യും കാലുമൊക്കെ വെച്ചു വളര്‍ന്ന് വലുതാകാന്‍ തുടങ്ങുന്നു...തെങ്ങിന്റെ മണ്ടയില്‍ വീണ മത്താപ്പ്, എരിഞ്ഞ് ആഗ്രഹം തീരാതെ തെങ്ങിന്റെ കൊതുംബിലും ചൂട്ടിലും കയറിപിടിച്ചു...ഹെന്റ ആറ്റ്കാലമ്മച്ചീ ദേ...തെങിനു തീപിടിച്ചു...എന്റെ തലക്കു പ്രാന്തും പിടിച്ചു..!!

“അയ്യോ....ഭഗവതീ....എന്റെ തെങിന്‍ തോപ്പിനു തീ പിടിച്ചേ...”അമ്മായിയുടെ വക എഡിറ്റിംഗോടുകൂടിയ നിലവിളിയും അങ്ങോട്ടുമിങ്ങോട്ടും ഓട്ടവും.

ഞാനാകെ വിരണ്ടു..തെങ്ങിനു തീ പിടിച്ചാല്‍ ഇതെങ്ങിനെ കെടുത്തും..എലിമിനേഷന്‍ ഒഫ് ദി ഫയര്‍ ഫ്രം  ദി കോക്കനട്ട് ട്ട്രീ-- അങിനെയൊരു കോഴ്സ് എവിടെയുമുള്ളതായി എനിക്കറിയില്ല...! ഉണ്ടെങ്കില്‍ തന്നെ അതിനു സമയമെവിടെ....? തെങ്ങിന്റെ മണ്ടയിലെ പാര്‍ട്ട്സുകള്‍ തീയോടുകൂടി ഒന്നൊന്നായി താഴേ വീഴാന്‍ തുടങി...മഞ്ജു എവിടെ..? ചേട്ടന്റെ ബുദ്ധിയുടെ കൂടുതലിനെകുറിച്ചോര്‍ത്ത് അവള്‍ പറക്കുംതളികയെ കണ്ടതുപോലെ മുകളിലേക്കു നോക്കി തെക്ക് വടക്ക് ഓടുന്നു....!

ഹെന്റ പടക്ക മുത്തപ്പാ  .......അതാ തീപിടിച്ച ഒരു  ഓലമടല്‍ അമ്മാവന്റെ പെര്‍മനന്റ് ശത്രുവായ തൊട്ടടുത്ത വീട്ടിലെ മൊയ്തീനാജിയുടെ ഓലമേഞ തൊഴുത്തിനുമുകളില്‍ വീണു..തൊഴുത്തും ഒട്ടും വിട്ടുകൊടുക്കാതെ വാശിയോടെ നിന്നു കത്താന്‍ തുടങി..

“ഏത് നായിന്റ മോനാടാ ഞമ്മന്റ പൊരക്ക് തീബെച്ചത്...”  മൊയ്തീനാജിയും കൊച്ചാപ്പായും മൂത്താപ്പായും മക്കളും ചാടി പുറത്തിറങി...

കാര്യങ്ങള്‍ വീണ്ടും കൈവിട്ടുപോകുന്നു...ഒരു വര്‍ഗ്ഗീയ ലഹളക്കുള്ള സെറ്റപ്പ് ഏതാണ്ടൊക്കെ ആയികഴിഞു..തീയും പുകയും നിലവിലിയും കണ്ടും കേട്ടും ജനമോടിക്കൂടാന്‍ തുടങി..

ഇതിനിടയില്‍ എങിനെയോ എന്റെ കയ്യിലിരുന്ന മാലപടക്കത്തിനു തീപിടിച്ച് പൊട്ടാന്‍ തുടങ്ങി.പെട്ടന്നുള്ള പൊട്ടിത്തെറിയുടെ ഞട്ടലില്‍ ഞാന്‍ വലിച്ചെറിഞ പൊട്ടികൊണ്ടിരുന്ന മാലപ്പടക്കം വലിയവായില്‍ നിലവിളിച്ച് ഓടികൊണ്ടിരുന്ന അമ്മായിയുടെ കഴുത്തില്‍ മാലയായി കുരുങി വീണു.... അമ്മായിയുടെ നിലവിളിക്ക് ശക്തി കൂടിയിട്ട് ശബ്ദമില്ലാതായി വയ് മാത്രം തുറന്നുകൊണ്ടോടുന്നു..അമ്മായിയെ രക്ഷിക്കാനായി ഞാനോടിയടുത്തു..

ഇതിനിടയില്‍ ഗേറ്റ് തുറന്നു വന്ന മിലിട്ട്രിയമ്മാവന്‍ തീയും പുകയും വെടിശബ്ദവും നിലവിളികളും ജനക്കൂട്ടവുമൊക്കെ കണ്ട് ഏതോ തീവ്രവാദിയാക്രമണമാണെന്ന് കരുതി ആക്ഷന്‍.....അറ്റാക്ക്....ഫയര്‍...എന്നൊക്കെ വിളിച്ചുകൂവാന്‍ തുടങി..

അമ്മായിയെ രക്ഷിക്കാനായി ഞാന്‍ അമ്മായിയെ ഓടിച്ചിട്ടുപിടിച്ച് കത്തികൊണ്ടിരുന്ന മാലപടക്കം വലിച്ചെടുത്ത് ദൂരേക്കെറിഞു...അത് പോയി വീണത് അമ്മാവന്റെ കെട്ടിയിട്ടിരുന്ന കൈസര്‍ പട്ടിയുടെ പുറത്താണ്. ആകെ ഭയപെട്ടിരുന്ന പട്ടി ഇതും കൂടിയായപ്പോള്‍ ഒര്‍ജിനല്‍ പട്ടിയായി മാറി. ഭയന്നു തുടല്‍ പൊട്ടിക്കനുള്ള ശ്രമത്തിനിടയില്‍ മാലപടക്കം പട്ടി കഴുത്തില്‍ കുരുങി തുടല്‍ പൊട്ടിച്ച പട്ടി കത്തുന്ന പടക്കവുമായി ജനങള്‍ക്കുനേരേ ചീറി പാഞു. അള്‍സേഷന്‍ പട്ടി പൊമറെനിയന്‍ പട്ടി പോലീസ്പട്ടി ഇതൊക്കെ കണ്ടിട്ടുള്ള് ജനം പടക്ക പട്ടിയെ ആദ്യമായി കാണുകയാണ്.പക്ഷെ ഒരു സൂക്ഷ്മ നിരീക്ഷണത്തിനുള്ള സമയവും സാഹചര്യവും അവര്‍ക്കു ലഭിച്ചില്ല.ജനങള്‍ പടക്ക പട്ടിയില്‍ നിന്നും രക്ഷ നേടാനായി അലറി വിളിച്ചുകൊണ്ടോടാന്‍ തുടങി.....!!

ഇനിയവിടെ നില്‍ക്കുന്നത് പന്തിയല്ല..ഈ ആക്രമണത്തിനു പിന്നിലെ സ്വദേശ കരങ്ങല്‍ എന്റേതാണെന്ന് എല്ലാവരും മനസ്സിലാക്കുന്നതിനു മുന്‍പു ഇവിടെ നിന്നും സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി എന്ന് മനസ്സിലാക്കി ഞാനിറങിയോടി. മഞ്ജുവിനോട് ഒന്ന് യാത്ര പോലും പറയാന്‍ പറ്റിയില്ല....ഓടുംബോഴും പിന്നില്‍ വെടിയൊച്ചകളും നിലവിളികളും കേട്ടുകൊണ്ടേയിരുന്നു......

പിന്നീടിന്നുവരെ പടക്കങള്‍ കൊണ്ട് ഞാന്‍ ദീപാവലി ആഘോഷിച്ചിട്ടില്ല..ആരെങ്കിലും ആഘോഷിക്കുന്നത് കണ്ടാല്‍, അടുത്ത് നിൽക്കുന്ന തെങ്ങിന്റെ മണ്ടയിലേക്ക്, ഞാനൊന്ന് പാളിനോക്കും...



ഭായി

----------------------------------------------------------

കോപ്പി റൈറ്റ് എനിക്കുളളതും കോപ്പി റീട് നിങള്‍ക്കുള്ളതും!!

ചിത്രം നെറ്റ്  തന്ന് സഹായിച്ചത്

Friday, October 2, 2009

തിരൂന്തരം സിനിമകള്‍

തിരോന്തരം സിനിമകള്

തമിഴ് സിനിമാ ആചാര്യന്മാര്‍ രജനികാന്ത്, ചിരഞീവി, ചിംബു മുതലായ നടികര്‍മാരെ വെച്ച് നടിപ്പിച്ച് തമിഴന്മാരെയും നമ്മള്‍ മലയന്മാരെയും ഇടക്കിടക്ക് ഞെട്ടിക്കാറുണ്ട്.ഇതൊന്നും കൊണ്ട് ഇവന്മാര്‍ പാ‍ടം പടിക്കില്ല... ങാഹാ ..അത്രക്കായോ..എന്നാല്‍ നിന്നൊയൊക്കെ  ശരിയാക്കിത്തരാം എന്ന മട്ടില്‍, ഇഗ്ലീഷുകാരെയെല്ലാം കൊന്നുകൊലവിളിച്ച ചില ഇഗ്ലീഷ് സിനിമകള്‍ പേശുകള്‍ മാറ്റി ഇവിടെയിറക്കിയും ഈ അണ്ണന്മാര്‍ നമ്മെ വിരട്ടാറുണ്ട്.

പേശ് മാറ്റുംബോള്‍ ഇതിന്റെ തലക്കെട്ടും വെട്ടി തമിഴ് പേശിലേക്കു മാറ്റും, ഉദാഹരണത്തിന് വവ്വാല്‍ മാപ്പിളൈ, ചിലന്തി മാപ്പിളൈ, പല്ലി പൊണ്ടാട്ടി എന്നൊക്കെ.


പറഞു വരുന്നത് മറ്റൊന്നുമല്ല, ഇങിനെയുള്ള തലക്കെട്ടുകള്‍ കണ്ടപ്പോള്‍ കുറച്ചുകാലമായി ആലോചിക്കുകയാണ് നമ്മുടെ ചില മലയാള സിനിമകളുടെ പേരുകള്‍ തിരുവനന്തപുരം കൊളോക്കിയല്‍ (മിമിക്രിക്കാര്‍ കൊളമാക്കിയ) ഭാഷയിലാക്കി നോക്കിയാല്‍ എങിനെയിരിക്കുമെന്ന്!

ഒന്നു ശ്രമിച്ചു നോ‍ക്കാം ഒത്താല്‍ ഒത്തു പോയാല്‍ പോകട്ടും പോടേ...അല്ലേ..?

ലൌഡ് സ്പീക്കര്‍ : തൊള്ളകള്.
പുതിയ മുഖം :  പുതിയ മോന്ത.
ഡാഡി കൂള്‍    :  തണുപ്പന്‍ മൂപ്പില്.
വെറുതേ ഒരു ഭാര്യ :  ഒര് പാഴ് പെണ്ടാട്ടി.
മകന്റെ അച്ചന്‍ : മോന്റ മൂപ്പില്.
ഈ പട്ടണത്തില്‍ ഭൂതം : തള്ളേ സിറ്റികളില് പൂതം.
പാസന്‍ചര്‍ : വരുത്തന്‍.
ഓര്‍ക്കുക വല്ലപ്പോഴും :  യെപ്പഴെങ്കിലുമൊക്കെ ഓര്‍മീര്.
റെഡ് ചില്ലീസ് : ചെവല മൊളവ്.
ഭാര്യ സ്വന്തം സുഹുര്‍ത്ത് : പെണ്ടാട്ടി സ്വന്ത അളിയന്‍
കോളേജ് കുമാരന്‍ : കാളേജ് പയല്.
സൈക്കിള്‍ : സയിക്കള്
ഇന്നത്തെ ചിന്താവിഷയം : യിന്നത്ത നിരുവീര്.
തലപ്പാവ് : തലേക്കെട്ട്.
അവന്‍ ചാണ്ടിയുടെ മകന്‍ : ലവന്‍ ചാണ്ടീട മോന്‍.
അതിശയന്‍ : കിടിലനണ്ണന്‍.
അച്ചനുറങാത്ത വീട് :  മൂപ്പിലാനൊറങാത്ത വീട് (വീട്ടിലൊറങാത്ത മൂപ്പില്)
ഫോര്‍ ദി പീപ്പിള്‍ : നാല് ലവമ്മാര്.
ഇമ്മിണി നല്ലൊരാള്‍ : ഇത്തിരിപൂരം നല്ലോന്‍.
നോട്ടം : ചെറയല്.
മറവില്‍ തിരിവ് സൂക്ഷിക്കുക : വളവീ തിരിവ് ഗവ്നിക്കണേ....
സ്തലത്തെ പ്രധാന പയ്യന്‍സ് : സിറ്റീലെ പയല്കള്.
അമ്മയാണെ സത്യം : അമ്മച്ചിയാണതന്ന.
മഞുപോലൊരു പെണ്‍കുട്ടി : മഞ ചെല്ലക്കിളികള്.
വാമനപുരം ബസ് റൂട്ട് : വാമനോരം ബസ്സ് മുടുക്ക്.
ഒരാണും നാലു പെണ്ണും : ഒരു ലവനും നാല് ലവളുകളും.
വിസ്മയതുംബത്ത് : തള്ളേ.. ഇതെന്തെര്.
ബാലേട്ടന്‍ : ബാ‍ലേണ്ണന്‍.
കുട്ടേട്ടന്‍ : കുട്ടയണ്ണന്‍.
ചുവപ്പു നാട : ചെവല വള്ളി.
കാര്യം നിസ്സാരം : ചീള് കേസ്.
പ്രശ്നം ഗുരുതരം : കന്നംതിരിവുകള്.
ചെപ്പ് : കിണ്ണം.
സുഖമോ ദേവി : സുകങള് തന്നേ ദ്യാവീ..
കാണാമറയത്ത് : ലങ് തൂര
വാര്‍ ആന്ട് ലവ് : കലിപ്പുകളും പ്രേമങളും.
തേന്മാവിന്‍ കൊംബത്ത് : തേമ്മാവിന്റ ഒയിര.
നന്ദിനി ഓപ്പോള്‍ : നന്നിനിയക്കന്‍.
അച്ചൻ കൊംബത്ത് അമ്മ വരംബത്ത് : മൂപ്പില് ഒയിര തള്ള ഊട് വഴിയില്
അങ്കിള്‍ ബണ്‍ : ബന്ന് മാമന്‍.
സേതുരാമയ്യര്‍ സി ബി ഐ : കുഴിതുരുംബ് സേതു.
ഇത്തിരിപൂവേ ചുവന്ന പൂവേ : ഇല്ലോളം പൂവേ ചെവല പൂവേ.
ബല്‍റാം v/s താരാദാസ് : ബലരാമന്ടേം താരാദാസന്റേം കലിപ്പ്കള്.
മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും: മീരേട നെലവിളീം മുത്തൂന്റ മഞപിരാ‍ന്തും.

                                              

 ഭായി
 ----------------------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും കോപ്പി റീട് നിങള്‍ക്കുള്ളതും!!