Thursday, December 31, 2009

മലപ്പുറം സിനിമകള്‍

എന്റെ  തിരൂന്തരം സിനിമകൾ പോസ്റ്റുചെയ്ത് കഴിഞ്ഞ്, അതിൽനിന്നും ഊർജ്ജം കൊണ്ട്  മലപ്പുറം സിനിമകൾ എന്നൊന്ന് ഇറക്കണമെന്ന് ആഗ്രഹം തോന്നി :)


മലപ്പുറം സിനിമകള്‍!


പഴശ്ശിരാജ : പഴശ്ശി ഹാജി.

ഇരിക്കൂ എം ഡി അകത്തുണ്ട് : ജ്ജ് കുത്തിരിക്കീം ഹമുക്ക് പൊരേലൊണ്ട്.

ഡാഡി കൂള്‍ : ബെറയല്‍ ബാപ്പ.

വെറുതേ ഒരു ഭാര്യ : മൊയിശൊല്ലാനക്കൊണ്ടൊര് കെട്ട്യോള്.

മകന്റെ അച്ചന്‍ : മാന്റ ബാപ്പ.

ഈ പട്ടണത്തില്‍ ഭൂതം : യീ ബശാറില്‍ ചെയ്ത്താന്‍!.

എനിക്ക് നീയും നിനക്ക് ഞാനും : ഇച്ച് ഇജ്ജും അനക്ക് ഞമ്മളും.

മായാവി : ഇബുലീസ്.

സാഗര്‍ ഏലിയാസ് ജാക്കി : സഗീര്‍ ഇല്യാസ് ജലാക്ക്.

ഭാര്യ സ്വന്തം സുഹുര്‍ത്ത് : ഓള് ഞമ്മന്റ ചെങായി.

കോളേജ് കുമാരന്‍ : കുണ്ടന്‍.

ഇന്നത്തെ ചിന്താവിഷയം : ഇന്നത്ത ക്നാവ്.

തലപ്പാവ് : പച്ചത്തൊപ്പി.

നരസിംഹം : പുലിമന്സന്‍

അതിശയന്‍ : ബല്ലാത്ത പഹയന്‍.

അച്ചനുറങാത്ത വീട് : ബാപ്പ ഒറങാത്ത കുടി.

ഈ തണുത്ത വെളുപ്പാന്‍ കാലത്ത് : സുബഹീന്റ നേരം.

മിസ്റ്റര്‍ ബട്ട്ലര്‍ : ജനാബ് ബദറുദീന്‍.

ചെറിയലോകവും വലിയ മനുഷ്യരും : ഇമ്മിണി ശെറിയ  ദുനിയാവും ബെല്യ മന്‍സന്മാരും.

രണ്ടാം വരവ് : റബ്ബേ..ദാ പിന്നേം ബന്ന്ക്ക്ണ്.

ലാല്‍ സലാം : അസ്സലാമു അലൈക്കും.

പെരുന്തച്ചന്‍ : പൊരപണിയണ ബാപ്പ.

കുണുക്കിട്ട കോഴി : അലുക്കത്തിട്ട കോയി.

സ്തലത്തെ പ്രധാന പയ്യന്‍സ് : കള്ള ഹിമാറ്കള്‍.

മൈ ഡിയര്‍ മുത്തഛന്‍ :ഞമ്മന്റ പൊന്നാരുപ്പാപ്പ.

മലബാര്‍ വെഡ്ഡിംഗ് : മലപ്പുറം നിക്കാഹ്.

മഞുപോലൊരു പെണ്‍കുട്ടി : മൊഞ്ചത്തി.

അറബിക്കഥ : അറബിക്കിസ്സ.

ഞാന്‍ ഗന്ധര്‍വന്‍ : ഞമ്മള് ജിന്നാണ്.

ഒരാണും നാലു പെണ്ണും : ഒരു ഹമുക്കും നാല് ഹൂറിയും.

വിസ്മയതുംബത്ത് : യാ റബ്ബുല്‍ ആലമീനേ..

ബാലേട്ടന്‍ : ബാ‍ലനിക്ക.

ദൈവത്തിന്റെ വികൃതികള്‍ : പടശ്ശോന്റ ഖുദ്റത്തുകള്‍

പ്രശ്നം ഗുരുതരം : ഹലാക്കിന്റ അവലും കഞീം.

അലിഭായി : ആലികാക്ക.

സുഖമോ ദേവി : ജ്ജ് ബിശേഷങള് പറ ദേബീ.

കാണാമറയത്ത് : ദുനിയാവിന്ററ്റത്ത്.

ബല്‍റാം v/s താരാദാസ് : രാമൂന്റേം ദാ‍സന്റേം ഹറാംപെറപ്പ്കള്‍

നന്ദിനി ഓപ്പോള്‍ : നന്നിനിയിത്താത്ത.

അച്ചന്‍ കൊംബത്ത് അമ്മ വരംബത്ത് : ബാപ്പ ശക്കകൊംബേലും  ഉമ്മ പറംബിലും.

നദിയ കൊല്ലപ്പെട്ട രാത്രി : നാദിയാന മയ്യിത്താക്കിയ രാവ്.

സേതുരാമയ്യര്‍ സി ബി ഐ : സീതി ഹാ‍ജി ശീ ബീ ഐ.

വാര്‍ ആന്ട് ലവ് : ലൌ ജിഹാദ്.

മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും: മീരേന്റ ബെരുത്തോം മുത്തൂന്റ ഹലാക്കില പൂതീം.



 ഭായി
 ----------------------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും  റീട് നിങള്‍ക്കുള്ളതും!!

Thursday, November 19, 2009

മൂത്തുമ്മാന്റ ബാധ!

19.11.2009
07.53 PM

മൂത്തുമ്മാന്റെ ബാധ!

ജുബൈറത്ത് മൂത്തുമ്മാക്ക് മാസത്തിൽ പത്ത് ദിവസമെങ്കിലും ബാധ കയറും! മൂത്തുമ്മാക്ക് ബാധ കയറുമ്പോൾ  വീട്ടിലെ മറ്റുള്ളവര്ക്ക് ഭയം കയറും,അവർ വേഗം ബസ്സ് കയറും സ്ഥലം വിടും.
അതോടെ മൂത്തുമ്മാക്കും ബാധയ്ക്കും കലികയറും!

കലി മൂത്ത് മൂത്തുമ്മ ബാധയുമായി പുറത്തിറങ്ങി കായിക പരിപാടികളാരംഭിക്കും.
സംസ്കൃത മന്ത്രോച്ചാരണങ്ങളാലാണ് കായിക പരിപാടികൾ കൊടിയേറുന്നത്.പിന്നെ അറബി അക്ഷരമാലകള്ൾ കൊണ്ട് സ്വാഗത പ്രസംഗം ഉണ്ടാകും, മിശിഹാ സ്തുതികള്‍ കൊണ്ട് കൃതജ്ഞത രേഖപെടുത്തിയ ശേഷം കായിക പരിപാടികൾ ആരംഭിക്കും. ഇക്കാരണമൊന്നുകൊണ്ട് മാത്രം ഏത് ജാതി ഏത് മത ബാധയാണെന്ന് തര്‍ക്കം നിലവിലുണ്ട്, അതവിടെ നില്‍ക്കട്ടെ.

കൃതജ്ഞതയ്ക്ക് ശേഷം, മൂത്തുമ്മാ‍ക്ക് എടുത്താൽ പൊക്കാൻ പറ്റുന്ന ജംഗമ വസ്തുക്കൾ എടുത്ത് കാണുന്നവര്‍ക്ക് നെരേ വീശിയടിക്കും വീശിയെറിയും.അത് ചിലപ്പോൾ ഈര്‍ക്കിലിയാകാം, ഉലക്കയാകാം, കൊച്ചുപിച്ചാത്തിയാകാം, വെട്ട് കത്തിയാകാം, സവാളയാകാം, ഇഷ്ടികയാകാം! അതൊക്കെ ഓരൊരുത്തരുടെ സമയം പോലിരിക്കും.

മൂത്തുമ്മാക്ക് മൂന്ന് ആൺ മക്കൾ. മൂന്ന് പേരും താലികെട്ടിയവർ ഇപ്പോൾ താലിപൊട്ടിയവർ.
കാരണം, ബാധ കയറി മൂത്തുമ്മ മൂത്ത മരുമകളെ തള്ളി കിണറ്റിലിടാൻ നോക്കി. കുളിയ്ക്കാനായി ഉടലും തലയുമാകെ എണ്ണ വാരിക്കോരി തേച്ച്, ചൂടോടെ പൊരിച്ചു കോരിയ പഴം പൊരി പോലെ എണ്ണയിൽ മുങ്ങി കിണറ്റിൻ കരയിൽ നിന്ന മരുമകളുടെ കയ്യിൽ പിടിച്ചുവലിച്ച് കിണറ്റിലിടാൻ നോക്കിയതാണ്. ബാധയുടേയും മൂത്തുമ്മയുടേയും ശക്തമായ വലിയിൽ, എണ്ണയുടെ അഹങ്കാരം കാരണം, പിടിവിട്ട് മരുമകൾ കിണറ്റിങ്കരയിൽ അവശേഷിക്കുകയും, മൂത്തുമ്മ നേരേ കിണറ്റിനകത്തേയ്ക്ക് വിക്ഷേപിക്കപെടുകയും ചെയ്തു. സ്നേഹമുള്ള മക്കൾ പണിപ്പെട്ട് ബാധയെ കിണറ്റിലിട്ട് മൂത്തുമ്മായെ കരക്കടുപ്പിച്ചു.
കഷ്ടിച്ച് ജീവൻ തിരിച്ചു കിട്ടിയ മരുമകൾ,  മാമിയുടെ ജീവൻ തിരിച്ചു കിട്ടിയതിലുള്ള സന്തോഷം സഹിക്കാനാകാതെ അപ്പോൾത്തന്നെ പെട്ടിയും കെട്ടി വണ്ടികയറി.

രണ്ടാമത്തെ മരുമകൾ എത്തിയ രണ്ടിന്റന്ന് മൂത്തുമ്മാക്ക് ബാധ കയറി, മണ്ണെണ്ണ എടുത്ത് മരുമകളുടെ തലയിൽക്കൂടി ഒഴിച്ചിട്ട് ചൂട്ട് കത്തിച്ച്, ബഹളം കേട്ട് ഓടിവന്ന മൂത്താപ്പയുടെ തലയിൽ വെച്ചതിനാൽ മരുമകൾ രക്ഷപ്പെടുകയും മൂത്താപ്പായുടെ തലയിലെ പാതി മുടി അകാലത്തിൽ വീര മൃത്യു
വരിയ്ക്കുകയും ചെയ്തു......മരുമകളുടെ പൊടി പോയിട്ട് ഒരു മുടി പോലും പിന്നെ കണ്ടില്ല...!

മൂന്നാമത്തെ മരുമകൾ എത്തിയ മൂന്നിന്റന്ന് മൂത്തുമ്മാക്ക് ബാധ കയറി, മുറ്റം അടിച്ചു വാരികൊണ്ട്നിന്ന മരുമകളുടെ നേര്‍ക്ക് ഉലക്ക വീശിയെറിഞു.അത്ര വലിയ ഉന്നമില്ലാത്ത ബാധ ആയിരുന്നതിനാൽ ഉലക്ക ചെന്നുകൊണ്ടത് വഴിയിലൂടെ സൈക്കിളിൽ മീനും കൊണ്ട് പോയ ആസ്ത്മയുടെ കാറ്റലോഗ് പോലിരിക്കുന്ന മീന്‍കാരൻ ബീരാനിക്കാ‍യുടെ മുതകത്താണ്.....!
ബീരാനിക്കായ്ക്ക് ഇപ്പോൾ ആസ്ത്മ സൈഡ് ബിസിനസ്സും ചുമ മൊത്തക്കച്ചവടവുമാണ് !!...പാവം..!!

മരുമക്കളെയൊന്നും സഭയില്‍ നിര്‍ത്താൻ കൊള്ളില്ല അതുകാരണമാണ് ഓടിച്ച് വിട്ടതെന്ന് മൂത്തുമ്മായുടെ ഇത്താത്ത ഐസുമ്മായോട് മൂത്തുമ്മ ഒരിക്കല്‍ പറഞു.
നഗരസഭയാണോ,  മന്ത്രിസഭയാണോ, നിയമസഭയാണോ, രാജ്യസഭയാണോ, ലോകസഭയാണോ, അതോ കത്തോലിക്ക സഭയാണോ...(*) എന്ത് സഭയാണെന്ന് മൂത്തുമ്മാക്ക് മാത്രമേ അറിയൂ....

ബാധ കയറിയാൽ  ജുബൈറത്ത് മൂത്തുമ്മായുടെ മറ്റൊരു ക്രൂര ഡിമാന്റ്  ആരുടെയെങ്കിലും ചോര കുടിക്കണമെന്നുള്ളതാണ്. ചോരകുടിയാണ് ലക്ഷ്യം എന്നറിയുമ്പോൾ, മൂത്താപ്പായും മക്കളും ഉടൻ സ്ഥലം കാലിയാക്കും. ഇല്ലെങ്കിൽ  ദുനിയാവിൽ നിന്നും അവർ കാലിയാകുമെന്ന് അവര്‍ക്കറിയാം.
അങ്ങിനെ ഒരിക്കൽ ചോരദാഹവുമായി മൂത്തുമ്മ ഉറഞ് തുള്ളുമ്പോൾ, മൂത്താപ്പായും മക്കളും അപ്രത്യക്ഷം.ദാഹിച്ച മൂത്തുമ്മ ഗ്രാമത്തിലെ പൊതുവഴിയിലിറങ്ങി!.

നട്ടുച്ചയായതിന്നാൽ ചോരയുള്ളവരാരും വഴിയിൽ ഇല്ലായിരുന്നു...മൂത്തുമ്മാക്ക് ഏതുവിധേനയും ബാധക്കിത്തിരി ചോര കൊടുത്തേ മതിയാകൂ   ദേ..വഴിയരികിലെ തെങ്ങിൽ ചെല്ലൻ മേസ്ത്രിയുടെ കൊമ്പൻ കാളയെ കെട്ടിയിട്ടിരിക്കുന്നു...മൂത്തുമ്മ നോക്കുമ്പോൾ, ബാധക്കും കൊടുത്ത് ബാക്കി മൂത്തുമ്മാക്കും കുടിക്കാനും പിന്നെയും ബാക്കി  ഫ്രിഡ്ജിൽ വെച്ച് ബാധവരുമ്പോഴെല്ലാം റെഡ്മില്‍ക്കായോ ബ്ലഡ്മില്‍ക്കായോ ബാധക്ക് കൊടുത്ത് സല്‍ക്കരിക്കാനും  മാത്രം ചോരയുള്ള കാള..! മുട്ടൻ കാള.. ഒരു ഇടിപൊളിക്കാള...!

മൂത്തുമ്മാ‍യുടെ കണ്ണുകൾ ചുവചുവന്നു.... കൈകൾ തരിതരിച്ചു....പല്ലുകൾ ഇറുഇറുമ്മി...

കാളച്ചോര കുടിക്കാനായി മൂത്തുമ്മ കാള കഴുത്തിലേക്ക് അലറിവിളിച്ചുകൊണ്ട് ചാടിവീണു...
...........................................................................
18 ദിവസം കഴിഞ് 28 കുത്തിക്കെട്ടും, ബന്ധം വേര്‍പെട്ട ശേഷം വീണ്ടും കൂട്ടിയോജിപ്പിക്കപ്പെട്ട 12 കണ്ടം എല്ലുമായാണ് മൂത്തുമ്മ ബെന്‍സിക്കർ ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയത്....
ലോകംതന്നെ സ്വന്തം കൊമ്പുകളിൽ കുത്തിനിര്‍ത്തണമെന്ന മോഹവുമായി, മറ്റുള്ളവരെ  എല്ലാം വെറും കണ്ട്രികളായി കരുതുന്ന കാളയാണ്  മിസ്റ്റർ കൊംബന്‍ കാളയെന്ന് മൂത്തുമ്മാക്കും അറിവുള്ളതാണ്...പക്ഷെ... ബ്ലഡി ബാധയ്ക്ക് അതറിയില്ലല്ലോ...!!

കാ‍ളേന്റ ചോരകുടിയ്ക്കണമെന്ന് തോന്നിയതുകൊണ്ട് കാര്യങ്ങൾ ഇങ്ങിനെയെങ്കിലും അവസാനിച്ചു.
വീടിന്റെ പിന്നിലൂടെ ഓടുന്ന ഇലക്ട്രിക് ട്രെയിനിന്റെ ചോരകുടിക്കണമെന്നെങ്ങാനും തോന്നിയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ ?
സ്നേഹം മൂത്ത മൂത്താപ്പ അതിനുശേഷം  ബാധകയറുമ്പോൾ വീട്ടിൽത്തന്നെ       ഉണ്ടാകുമായിരുന്നു.

പക്ഷെ പിന്നീട് മൂത്താപ്പായുടെ ശരീരത്തിൽ എപ്പോഴും പല സ്ഥലങ്ങളിലായി മാത്തമാറ്റിക്സിന്റെ പൊതു ചിഹ്നങളായ + ‌‌X = # / - ഇതൊക്കെ വെള്ള നിറത്തിൽ ഒട്ടിച്ചു വെച്ചിട്ടുണ്ടാകും, മിക്കവാറും ഏതെങ്കിലും ഒരു കൈ കഴുത്തിൽ  കെട്ടിതൂക്കിയിട്ടിട്ടുണ്ടാകും.ചുരുക്കിപ്പറഞ്ഞാൽ ബസ്റ്റാന്റിലൊക്കെ കാണുന്ന പിച്ചക്കാരുടെ ഫോട്ടോകോപ്പി കണ്ടതുപോലിരിക്കും മൂത്താപ്പായെ കാണാൻ!

ബാധയാക്ക്രമണം സഹിയ്ക്കാനാകാതെ മക്കളും മൂത്താപ്പായും കൂടി ബാധയെ റിമൂവ് ചെയ്യാനായി തൊട്ടടുത്ത ഗ്രാമത്തിൽ നിന്നും ഒരു ആന്റിബാധയെ കൊണ്ടുവന്നു.--------- ഉദ്മാൻ ഉസ്താദ്!
ഉസ്താദ് ആരാ മോന്‍??! ശൈത്താനുമായി സൈക്കിളിൽ പോകും! ഇബിലീസുമായി വിസിലൂതിക്കളിയ്ക്കും!! ജിന്നിനെ ജന്നലിൽക്കൂടി കൈകാട്ടിവിളിയ്ക്കും! കണ്ണിറുക്കി കാണിക്കും!!!

ബാധഭവനിലെത്തിയ ഉദ്മാൻ ഉസ്താദ് എല്ലാം വിശദമായി കേട്ട ശേഷം  ക്രിയകൾ ആരംഭിച്ചു.
അദ്യമായി ഒരു മുട്ടയും രണ്ട് വലിയ നേന്ത്രപ്പഴവും ഒരുഗ്ലാസ് പാലും കൊണ്ടു വരാൻ പറഞു.
സാധനം അതുപോലെ മുന്നിലെത്തിച്ചു. ഉദ്മാൻ ഉസ്താദ് അഞ്ച് നിമിഷം കണ്ണടച്ചിരുന്നു. നാലുപേരും ആകാംക്ഷയോടെ നോക്കിനിന്നു.കണ്ണുതുറന്ന  ഉദ്മാൻ ഉസ്താദ് പെട്ടെന്ന് രണ്ട് നേന്ത്രപ്പഴവും ഉരിച്ചുതിന്ന് മുട്ടയും ഉടച്ചു വായിലൊഴിച്ച് പാ‍ലും എടുത്തുകുടിച്ചു ഉംബേഏഏഏ..ഒരേംമ്പക്കവും വിട്ടു. ...പാലും, മുട്ടയും, പഴവും ഒഴിഞു!...പക്ഷെ ബാധ??...!!! നാലുപേരും നാക്കും തള്ളി നിന്നു!

തീര്‍ന്നില്ല!!! ഉദ്മാൻ ഉസ്താദ് മൂത്തുമ്മായെ വിളിയ്ക്കാൻ ഓര്‍ഡറിട്ടു!
മൂത്തുമ്മാക്ക് എന്തൊരു അനുസരണ..കല്യാണപെണ്ണ് ചെക്കനു മുന്നില്‍ ഇരിക്കുന്നതുപോലെ തലയിൽ തട്ടവുമൊക്കെയിട്ട്  തലയും കുനിച്ച് മൂത്തുമ്മ ഉസ്താദിനു മുന്നിലിരുന്നു! ഇതാണൊ കേട്ട സാധനം?!
കരണ്‍ജോഹര്‍ സലിംകുമാറിനെ നോക്കുന്നത്പോലെ  ഉസ്താദ് മൂത്തുമ്മായെ പുശ്ചത്തോടെ ഒന്നുനോക്കി!

ഉസ്താദ് എഴുന്നേറ്റ് നിന്ന് വലതുകൈയിൽ ചൂരലെടുത്തു ഇടത് കൈ മൂത്തുമ്മായുടെ തലയിൽ വെച്ച് ആട് പ്ലാവില ചയ്ക്കുന്നതുപോലെ വായ അനക്കി ശബ്ദമില്ലാതെ  മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി! അല്പം കഴിഞ്ഞ് ചൂരൽ ഓങ്ങിയടിച്ചുകൊണ്ട്  ഉച്ചത്തിൽ ചോദിച്ചു..‘‘പറേടീ...ജ്ജ് ആരാടീ...ടീ......പറയീന്‍...” 

അന്റ ബാപ്പ.. എന്ന് അതിനെക്കാളുച്ചത്തിൽ മൂത്തുമ്മ പറയുകയും ഉദ്മാൻ ഉസ്താദിന്റെ മാണിക്യകല്ലിൽ കയറി പിടിയ്ക്കലും ഒരുമിച്ചായിരുന്നു...!  മൂത്തുമ്മ മാണിക്യക്കല്ല് ഞെക്കി പൊട്ടിക്കാൻ നോക്കി..!


യാ........ബദരീങ്ങളേ................ ഉദ്മാൻ ഉസ്താദ് ഉയർന്നുചാടി !

 പിടിവിട്ട ദേഷ്യത്തിൽ യാ......മുഹിയദ്ദീന്‍.... എന്ന മൂത്തുമ്മായുടെ ഉച്ചത്തിലുള്ള വിളിയും കസേര പൊക്കിയെടുത്ത് ഉസ്താദിന്റെ നെഞ്ചത്ത് വീശിയടിക്കലും ഒരുമിച്ചായിരുന്നു! ഉലക്കയേറിൽ ബാധയ്ക്ക് ഉന്നമില്ലെങ്കിലും കസേരയടിയിൽ തങ്കപ്പതക്കം കിട്ടിയ ബാധയാണെന്ന് തോന്നുന്നു! കൃത്യം നെഞ്ചിനു കിട്ടീ..താഴെ വീണ ഉസ്താദിന്റെ പള്ളയ്ക്കും നെഞ്ചത്തും ഏഴെട്ട് ചവിട്ട്...പിടിച്ച് മാറ്റാൻ പോയ മൂത്താപ്പ മൂക്കുംകുത്തി മുറിയുടെ മൂലയ്ക്ക്..,മൂത്ത മകൻ മൂന്നുകരണം മറിഞ്ഞ് മുറ്റത്ത്!
രണ്ടാമത്തെ മകന്റെ മണ്ടക്കിട്ട് കിട്ടി..! മൂന്നാമത്തെ മകൻ മുങ്ങി!

ചാടിയെഴുന്നേറ്റ ഉസ്താദ് രക്ഷപെടാനായി ഓടി അടുക്കളയിൽ കയറി! ഉസ്താദിന് തെറ്റി..മാര്‍ക്ക്  നൂറിൽ പൂജ്യം ...മൂത്തുമ്മ  കൂടക്കയറി അടുപ്പിൽ കത്തിക്കൊണ്ടിരുന്ന വിറക് കയ്യിലെടുത്ത് ഉസ്താദിനെ കഴുത്തിനുകുത്തിപ്പിടിച്ച് മൂലയ്ക്ക് ചാരിനിര്‍ത്തി,  പഴയ പോസ്റ്റ്പെട്ടിയുടെ വായ പോലെ തുറന്നിരുന്ന ഉസ്താദിന്റെ വായ്ക്കകത്തേക്ക് കത്തിക്കൊണ്ടിരുന്ന വിറക് കുത്തികയറ്റാൻ നോക്കി.. പറേടാ..നിനക്കറിയണോ ഞാനാരാന്ന്....എന്നൊരു ചോദ്യവും.

ന്റ ജിന്നേ..പൊന്നേ..ഞമ്മക്ക് അന്നേം അറിയണ്ട..ഞമ്മളേം അറിയണ്ട.. ദുനിയാവിലുള്ള ഒന്നും അറിയണ്ട...ഞമ്മള ബിട്ടേക്ക് പൊന്ന് ജിന്നേ .... ഇത്രയും പറഞ് ഉസ്താദ്യാ.....മുഹിദ്ദീന്‍...ശൈക്ക്.... എന്ന് വിളിച്ചു.... എവിടന്നോ കിട്ടിയ ശക്തിയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി പുറത്തേയ്ക്ക് ചാടിയോടി....

കവലയിലാണ് ജിന്നോട്ടം അവസാനിച്ചത്..ഉദ്മാനുസ്താദിന്റെ ആന്തരികാവയവങ്ങളിൽ കാന്താരി മുളകരച്ച് തേച്ചതുപോലെ...ശ്വാസം കിട്ടുന്നില്ല..അഥവാ കിട്ടിയാൽ പിന്നെ വിടാൻ പറ്റുന്നില്ല...തല കറങ്ങുന്നു...... തിരിയുന്നു.... മറിയുന്നു... ഒടിയുന്നു...! ഉടഞ്ഞ മാണിക്യക്കല്ല് കിലുങ്ങുന്നു....
ഒരു ബസ്സ് വന്നുനിന്നു...ഉസ്താദ് അതിൽ കയറാൻ നോക്കി....
പക്ഷെ..അതിൽ നിന്നും അതാ ഇറങ്ങിവരുന്നു ജുബൈറത്ത് മൂത്തുമ്മ...ങേ....മൂത്തുമ്മാ‍ട പിന്നിൽ വീണ്ടും  ആറേഴ് മൂത്തുമ്മ...... മുന്നിലും പിന്നിലും, ലെഫ്റ്റ് റൈറ്റ്, ഊപ്പർ നീച്ചേ, സകലമാന സ്ഥലത്തും മൂത്തുമ്മ.....

ഉസ്താദ് അടുത്ത് നിന്ന കൊടിമരം വലിച്ചൂരിയെടുത്തു.....................................................


ഉദ്മാനുസ്താദിന് ബാധകയറി............മൂത്തുമ്മാന്റ ബാധ!!

Bhaai.

--------------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും കോപ്പി റീട് നിങള്‍ക്കുള്ളതും!!