Wednesday, October 6, 2010

മാൻ സുലൈമാൻ

                                                                മാൻ സുലൈമാൻ
സുലൈമാൻ തന്റെ തൊഴിൽ ജീവിതം ആരംഭിക്കുന്നത് നാട്ടിൽ   ലൈൻ മാൻ ആയിട്ടായിരുന്നു. പിന്നെ പോസ്റ്റ് മാൻ ആയി ജോലികിട്ടി. മാൻ എന്ന വാക്ക്  സുലൈമാന്റെ  കൂടപ്പിറപ്പായിരുന്നു.സുലൈമാന്റെ വാപ്പ അബ്ദുറഹ്മാൻ ആൻഡമാൻ ദ്വീപ് കാരനാണ്.ഉമ്മ കിളിമാനൂര്കാരി റഹുമാനിയ.

സുലൈമാന് നാട്ടിൽ മാന്യമായ ശംബളം കിട്ടാത്തതിനാൽ ഒമാനിലേക്ക് വിമാനം കയറി. അവിടെ മാന എന്ന സ്ഥലത്ത് ഷറക്കത്തുൽ സൽമാൻ വൽ അമാൻ എന്ന ഒരു കംബനിയിൽ  വയർമാനായി  ജോലികിട്ടി. ഒരു  വർഷം  കഴിഞ്  സുലൈമാൻ ഫോർമാനായി മാറി. അവിടെ സുലൈമാൻ ഫോർമാന്റെ ജോലി ചെയ്തുകൊണ്ടിരിക്കുംബോഴാണ്, നമിതക്ക് ഉർവ്വശി അവാർഡ് കിട്ടിയാലെന്ന പോലെ അപ്രതീക്ഷിതമാ‍യി സാംബത്തിക മാന്ദ്യം കടന്ന് വരുന്നത്.

ഭർത്താവിന്   കള്ള്കുടിക്ക് നിയന്ത്രണം  ഏർപ്പെടുത്തിയിരിക്കുന്ന  ഭാര്യയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന  കുപ്പിയിൽ നിന്നും ഇടക്കിടക്ക് കള്ള് കാണാതാകുന്നത് പോലെ ടെർമിനേഷൻ ലെറ്റർ കിട്ടി കംബനിയിൽ നിന്നും ജോലിക്കാരെ കാണാതാകാൻ തുടങി.എല്ലാവരുടേയും നെഞ്ച് മിനിട്ടിൽ പത്ത് പതിനഞ്ച് ഇടി കൂ‍ടുതൽ ഇടിക്കാ‍ൻ തുടങി.സുലൈമാനെ കംബനിയിൽ നിന്നും പറഞ് വിട്ടാൽ കംബനി മൊത്തത്തിൽ തകരുമെന്ന് ഭയങ്കര വിശ്വാസം സുലൈമാനുള്ളതിനാൽ സുലൈമാന്റെ നെഞ്ച്, ദിവസവും കള്ളുംകുടിച്ചിട്ട് വരുന്ന ബാഹുലേയൻ ,ലളിതേച്ചിയെ ഇടിക്കുന്നത് പോലെ കൃത്യമായി തന്നെ ഇടിച്ച് കൊണ്ടിരുന്നു. എന്നാൽ കംബനിക്ക് അറിയില്ലല്ലോ തന്നെ പറഞുവിട്ടാൽ കംബനി പൂട്ടി പോകുമന്ന്! ഇത് ആലോചിച്ചപ്പോൾ സുലൈമാന്റെ നെഞ്ച്, കൂടുതൽ കാശും അധികമാ‍യി അഞ്ച് കുപ്പി കള്ളും കിട്ടിയ കൊട്ടേഷൻ പാർട്ടികൾ ഇടിക്കുന്നതുപോലെ സുലൈമാന് താങാൻ പറ്റാത്ത ഇടി ഇടിയ്ക്കാൻ തുടങി.

അന്തംവിട്ട ആത്മവിശ്വാസത്തിന് ഉടമയാണ് സുലൈമാൻ  ഒരുപക്ഷേ ആത്മാക്കൾക്ക് പോലും ഇത്ര ആത്മ വിശ്വാസം കാണില്ലായിരിക്കും.എന്തും സാധിച്ചുകളയാം എന്നുള്ള ഭീകര വിശ്വാസം. ഈ വിശ്വാസം കൈ മുതലായുള്ള സുലൈമാൻ ഈ മുതലുംകൊണ്ട് തന്റെ ജോലി ഉറപ്പിക്കാൻ നേരേ പ്രൊജക്റ്റ് മനേജരെ തന്നെ പോയി കണ്ടു. സുലൈമാനെ കണ്ടയുടൻ തന്നെ സഊദി അറേബ്യക്കാ‍രനായ പ്രൊജക്റ്റ് മാനേജർ “ ഹു...ആ‍ർ യു..??!!?? എന്നൊരു ചോദ്യം.

എന്ത്!! തന്നെ അറിയാത്ത ഒരു മാ‍നേജരോ ഈ കംബനിയിൽ?!! അല്പം നിവർന്ന് നിന്നുകൊണ്ട്  സുലൈമാൻ പറഞു “ ഐ ആം ദി സുലൈമാൻ  ഫോർമാൻ ഒഫ് ദി യൂവർ കംബനി...”

“വാട്ട്?? വാട്ട് ഡു യു വാണ്ട്...?” മനേജരുടെ അടുത്ത ചോദ്യം.

സുലൈമാന് സന്തോഷമായി മാനേജർ തന്റെ ലൈനിലേക്ക് വന്ന് കഴിഞു.കൂടുതൽ സംസാരിക്കുന്നതിലൂടെ തന്റെ ഇംഗ്ലീഷ് പാണ്ഡിത്യവും കൂടി മാനേജർക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കാം എന്ന ആത്മവിശ്വാസത്തിൽ  പഞിച്ചാക്കിന് മുകളിൽ  ആട്ടുകല്ല് കയറ്റി വെച്ചതു പോലെ  കുഷൻ സോഫയിലേക്ക് ഇരുന്നുകൊണ്ട്  സുലൈമാൻ ആരംഭിച്ചു,
“ സാ..ർ ആക്ചുലീ ഐ ആം ദി അണ്ടർ സ്റ്റാന്റ് ഒമാൻ നോ മണി. സോ നോ മണീ നോ വർക്ക് ഒഫ് ദി കംബനി.  ബൈ ദ ബൈ  യു നോ ഐ ആം നോട്ടൊള്ളി ഒൺ മാൻ. ഐ ആം..ഫോർമാൻ. പ്ലീസ്സ് സാർ, യു ആർ ദി കണ്ടിന്യൂ  ഐ ആം...”

പ്രോജക്റ്റ് മാനേജർ “ഹേയ് മാൻ വാട്ട് ആർ യു റ്റോക്കിംഗ്...?!!”

ഇംഗ്ലീഷ് പോലും മനസ്സിലാക്കാൻ പറ്റാത്ത ഈ മരുഭൂമി മാക്കാനെയൊക്കെ ആരാടേയ് പിടിച്ച് ഇത്രയും വലിയ പദവിയിലൊക്കെ ഇരുത്തിയത് എന്നാലോചിച്ചുപോയി സുലൈമാൻ.

മാനേജർക്ക് ചായയും കൊണ്ട് വന്ന ഓഫീസ് ബോയിയോട് സുലൈമാന്റെ പ്രശ്നം പഠിച്ച് റിപ്പോർട്ട് ചെയ്യാൻ മാനേജർ പറഞു.“ ഒമാനിലും  സാംബത്തിക മാന്ദ്യമാ‍ണെന്നറിയാം എല്ല്ലാ കംബനികളേയും പോലെ ഇവിടെയും പണി കുറവാണെങ്കിലും നാലാളിന്റെ പണി ഒറ്റക്ക് ചെയ്യുന്ന ഫോർമാനായത് കൊണ്ട് തന്നെ പറഞ് വിടരുത്” ഇത് സുലൈമാൻ മലയാളത്തിൽ ബോയിക്ക് പറഞ് കൊടുത്തു. ബോ‍യി അത് അലംബ് ഇംഗ്ലീഷിൽ മാനേജർക്ക് പറഞ് മനസ്സിലാക്കി കൊടുത്തു.

മാനേജർ സുലൈമാനോട് “ യു ഡോണ്ട് വെറി, യു വിൽ ബീ ദ ലാസ്റ്റ് മാൻ റ്റു ബീ ടെർമിനേറ്റഡ് ഫ്രം ദിസ് കംബനി....”

ബോയി സലൈമാന്റെ  നേരേ “അണ്ണാ അണ്ണൻ പ്യാടിക്കണ്ട അണ്ണനെയായിരിക്കും അവസാനം പറഞ് വിടുന്നതെന്ന്. സമാധാനങള് ആയല്ല്..ഇനി പോയി ചായകള് കുടിക്കീം”

ബോയിയെ നോക്കി സുലൈമാൻ പതുക്കെ പറഞു “അനിയാ‍ ഹമ്മറിന്റെ ബാക്കിൽ ടെർസൽ കൊണ്ടുവന്ന് ലൈറ്റടിക്കല്ലേ......”

ഭീകരമായ ആത്മവിശ്വാസത്തോടെ സുലൈമാൻ അടുത്ത ദിവസം പണിക്ക് വന്നപ്പോൾ ടെർമിനേഷൻ നോട്ടീസ് കിട്ടി.'ങേ ഇതെന്തോന്ന് എല്ലാവരെയും പറഞ് വിട്ട് കംബനി പൂട്ടിയാ...'നോക്കിയപ്പോൾ മറ്റുള്ളവരൊക്കെ ജോലി ചെയ്യുന്നു. മാനേജരെ കണ്ട് വിവരം തിരക്കാനായി മുറിയിൽ കയറിയ സുലൈമാൻ  “ഇവനെയൊക്കെ  ആരാടേ ഇംഗ്ലീഷ് പഠിപ്പിച്ചത്” എന്ന് പുലംബിക്കൊണ്ട് വെളിയിൽ വന്ന്  ഓഫീസ് ബോയിയേയും കൂട്ടി വീണ്ടും അകത്ത് പോയി ചോദിച്ചു, “തന്നെയായിരിക്കും അവസാനം  പറഞുവിടുന്നതെന്ന് പറഞിട്ട് ഇത് എവിടുത്തെ ഇടപാടാണെന്ന്’’
മാനേജർ വകയായി ഓഫീസ് ബോയി. “ശരിയാണ് നീ തന്നെയാണ് ലാസ്റ്റ് ഇനി ആരെയും ഇവിടെ നിന്നും ഞാൻ പറഞ് വിടില്ല...’’സഊദിക്കാരൻ തന്നെ ഊതിയതായിരുന്നു എന്ന് സുലൈമാന് മനസ്സിലായി.
പരാതി പറയാനായി തന്റെ സെക്ഷൻ മാനേജരുടെ അടുത്ത്  പോയി. അപ്പോഴാണ് അറിയുന്നത് തന്നെ ജോലിക്ക് വെച്ചതിന് അയാളെയും പറഞ് വിട്ടെന്നും, അയാൾ തന്നെ അന്വേഷിച്ച് സൈറ്റിൽ പോയിരിക്കുന്നുവെന്നും. ലബനാനിയായ അയാൾ വെറും അലംബനായതിനാൽ സുലൈമാൻ വേഗം അവിടുന്ന് സ്ഥലം വിട്ടു.

കാലിഫോർണിയായിൽ സുഖമായി കഴിഞിരുന്നവൻ വെറുതേ ഒരു സുപ്രഭാതത്തിൽ വിമാനത്തിൽ കയറി തിരുവനന്തപുരത്തിറങി, അവിടെ നിന്നും വോൾവോ ബസ്സിൽ കയറി മലപ്പുറത്ത് പോയി വിഷക്കള്ള് വാങി കുടിച്ച് മരിച്ചുപോയി എന്ന് പറഞ ഇടപാടായി സുലൈമാന്റേത്.

പല കംബനികളിലേക്കും സുലൈമാൻ സി വി അയച്ചു. മെക്കാനിക്കൽ എഞ്ചിനീയർ മുതൽ ഇറച്ചിവെട്ടുകാരന്റെ വരെ ഒഴിവുകളിലേക്ക് അയക്കാൻ പറ്റിയ സി വി യും അതിന് പറ്റിയ സർട്ടിഫിക്കറ്റുകളും സുലൈമാന് സ്വന്തമായുണ്ട്. പക്ഷെ , നാട്ടിൻ പുറത്തെ സർക്കാർ സ്കൂളിൽ നിന്നും ഏഴാം ക്ലാസ് തോറ്റവൻ NASA യിൽ ജോലിക്ക്  അപേക്ഷിച്ചിട്ട് കാത്തിരിക്കുന്നവന്റെ അവസ്ഥയായി.  മാന്ദ്യം കാരണം ആരും വിളിക്കുന്നില്ല.

സുലൈമാന്റെ സുഹൃത്തായ അശോകൻ, തന്റെ നാട്ടുകാരനായ  സണ്ണിച്ചായന്റെ വീഡിയോ ലൈബ്രറിയിൽ സെയിത്സ്മാ‍നായി ഒരു വേക്കൻസിയുണ്ടെന്ന് സുലൈമാനെ അറിയിച്ചു.വീഡിയോ ലൈബ്രറിയിലെ ജോലി എന്ന് കേട്ടപ്പോൾ  ആദ്യം സുലൈമാന്റെ മുഖം മട്ടൻ വറട്ടിയത് വേണോ എന്ന് കേട്ട പട്ടരുടെ മുഖം പോലെയായി.

ജീവിതം വഴിമുട്ടിയും തട്ടിയുമൊക്കെ നിൽക്കുന്നതുകൊണ്ട് സെയിത്സ്മാനിലെ ആ ഒരു മാനിനെ ഓർത്ത് , കേരളാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള  വീഡിയോ എഡിറ്റിംഗ് കോഴ്സിന്റെ ഒർജിനലിനെ വെല്ലുന്ന ഡിപ്ലോമാ സർട്ട്ഫിക്കറ്റും ഫിലിം എഡിറ്റർ കെ.ശങ്കുണ്ണി നൽകിയതായിട്ടുള്ള എക്സ്പീരിയൻസ് സർട്ട്ഫിക്കറ്റുമായി  സുലൈമാൻ സണ്ണിച്ചായനെ ചെന്ന് കണ്ടു. ഈ ഏടാകൂടങളൊക്കെ സണ്ണിച്ചായൻ വാങി ചുരുട്ടിക്കൂട്ടി തിരികെ കൊടുത്തിട്ട് ‘കസ്റ്റമേഴ്സ് വരുംബോൾ എഡിറ്റിംഗ് ഒന്നും നടത്തണ്ട സീ ഡി എടുത്ത് കൊടുത്താൽ മതി‘ എന്ന് പറഞു.

സുലൈമാൻ സെയിത്സ്മാന്റെ പണി തുടങി. ഒരാഴ്ച കഴിഞ് ഒരു ഒമാനി അറബി ഒരു സിഡിയുമായി കടയിൽ വന്നു. സീ ഡി സുലൈമാനെ ഏൽ‌പ്പിച്ചിട്ട് സുലൈമാനോട് അറബിയിൽ തന്റെ ആവശ്യം പറയാൻ തുടങി. ബാൻ കി മൂണിന്റെ പ്രസംഗം കേട്ട് ചെത്ത്കാരൻ സുശീലൻ നിൽക്കുന്നതു പോലെ സുലൈമാൻ നിന്നു.അവസാനം അറിയാവുന്ന ഹിന്ദിയിൽ അറബി, സുലൈമാനോട് കാര്യങൾ പറഞു. ഹിന്ദിയിൽ കാര്യങൾ കേട്ട് കഴിഞ് സുലൈമാൻ പറഞു.“ഇത് ആദ്യമേ അങ് പറഞാൽ പോരേ മുനുഷ്യനെ പേടിപ്പിക്കുന്നതെന്തിന്. ഓ കെ എല്ലാം ശരിയാക്കി തരാം” എന്നുപറഞു.

പിറ്റേന്ന് ഒമാനി വന്ന് സീഡികളെല്ലാം കൊണ്ടുപോയി.ഒരു മണിക്കൂർ കഴിഞ് ആദ്യത്തെ ഒമാനിയും പിന്നെ വേറൊരു ഒമാനിയും കൂട്ടി കടയുടെ വാതിലൊക്കെ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് വന്ന് കൊണ്ടുപോയ സീഡികളൊക്കെ വലിച്ചെറിഞ് അറബിയിൽ ചീത്തവിളിക്കാൻ തുടങി. അതു കഴിഞ് അറബിയിൽ അടിക്കാനായി സുലൈമാനെ പിടിക്കാൻ നോക്കി.സുലൈമാനും ഒമാനിക്കുമിടയിൽ നെഞ്ചൊപ്പം പൊക്കത്തിൽ പലകകൊണ്ട് ഒരു മറയുണ്ടായിരുന്നതിനാൽ സുലൈമാനെ പെട്ടെന്ന് പിടിച്ച് തന്റെ ഭാവനയനുസരിച്ച് അടിക്കാൻ ഒമാനിക്ക് കഴിഞില്ല.സുലൈമാന് എന്താണ് കാര്യമെന്ന് മനസ്സിലായതുമില്ല.ഭാഗ്യത്തിന് അപ്പോൾ തന്നെ സണ്ണിച്ചായൻ അവിടെ വന്നു. സണ്ണിച്ചായൻ നോക്കുംബോൾ ഒമാനി, പൊരിച്ച മീനും പച്ച ഇറച്ചിയും ഒരുമിച്ച് കടിച്ചുവലിക്കുന്ന പൂച്ചയെ കണ്ട കെട്ടിയിട്ട പട്ടിയെപ്പോലെ അലറിവിളിച്ച് സുലൈമാന്റെ നേരേ ചാടുകയും കടയിലെ സാധനങൾ തല്ലിപ്പൊളിക്കുകയുമാണ്. സണ്ണിച്ചായനോട് ഒമാനി കാര്യങൾ പറഞു.

ഒമാനി സ്വകാര്യ സംബത്ത് പോലെ കരുതിയിരുന്ന തന്റെ കല്യാണ സീഡി, എങാനും നഷ്ടപ്പെട്ടുപോയാലോ എന്നുകരുതി അതിന്റെ രണ്ട് കോപ്പിയെടുക്കാനായി കൊടുത്തപ്പോൾ അതിന്റെ ഒർജിനലിൽ നിക്കാഹ് എന്ന ഹിന്ദി സിനിമ പകർത്തുകയും കൂടാതെ നിക്കാഹ് സിനിമയുടെ വേറൊരു കോപ്പി സീഡി ഒപ്പം കൊടുക്കുകയും ചെയ്തെന്നും.അങിനെ ആകെയുണ്ടായിരുന്ന അയാളുടെ നിക്കാഹിന്റെ സീഡി ഒരു ചലചിത്ര കാവ്യമാക്കി കയ്യിൽ കൊടുത്ത സുലൈമാനെ ഒമാനി മയ്യത്താക്കുമെന്ന് ഉറപ്പിച്ച് വന്നതാണെന്ന്.

സുലൈമാനോട് സണ്ണിച്ചായൻ സംഭവം ചോദിച്ചപ്പോൾ, “ഒമാനി സീഡിയും തന്നിട്ട് ഹിന്ദിയിൽ നിക്കാഹ്.... ദോ.. കോപ്പി എന്ന് പറഞു പറഞതുപോലെ തന്നെ രാജ് ബാബ്ബറിന്റേയും സൽമാ അയേക്കിന്റേയും നിക്കാഹ് സിനിമ തന്നെയാണ് അച്ചായാ ഞാൻ കോപ്പി ചെയ്തത്. സിനിമ അതല്ലാന്ന് ഇവൻ പറയുകയാണെങ്കിൽ അത് പടച്ചോനാ‍ണ പച്ച കള്ളമാണ്. ആ  സീ ഡി ഞാൻ ഇട്ട് കാണിച്ചുകൊടുക്കം. എവന് പ്രാന്താണ്!!!” ഇത്രയും പറഞ് തറയിൽ കിടന്ന സീഡി എടുത്ത് സെറ്റിലിട്ടു. റ്റിവിയിൽ വീണ്ടും രാജ്ബബ്ബറിനെ കണ്ട ഒമാനി ഗബ്ബർസിംഗായി മാറി, എനിക്കിപ്പം എന്റെ കല്യാണ സീഡി വേണമെന്നും, ഇല്ലെങ്കിൽ ഇവനേയും കൊന്ന് ഇതൊക്കെ തല്ലി പൊളിക്കുമെന്നും  പറഞ് അലറി കിടുക്കിക്കൊണ്ട് സുലൈമാന്റെ നേരെ ചാടി.

സംഭവം സീരിയസ്സാണെന്ന് സണ്ണിച്ചായന് മനസ്സിലായി.പ്രശ്നം ഒതുക്കിയില്ലെങ്കിൽ സുലൈമാനെ ഇയാൾ അടിച്ച് ശരിയാക്കും ഒപ്പം തന്റെ സ്ഥാപനവും ശരിയാക്കും.സുലൈമാൻ അച്ചായന് ഒരു വിശയമേ അല്ലായിരുന്നു.പക്ഷേ തന്റെ കടയും മുതലും വിശയം മാത്രമല്ല പരീക്ഷയും റിസൽറ്റുമൊക്കെയാണ്. അതിനാൽ എത്രയും പെട്ടെന്ന് പ്രശ്നം അവസാനിപ്പിക്കാൻ ഒരു ഒത്തുതീർപ്പെന്ന നിലയിൽ സണ്ണിച്ചായൻ മേശപ്പുറത്ത് കൈവലിച്ചടിച്ചുകൊണ്ട് പറഞു. “നിറ്ത്ത്!!!” മൊത്തം സൈലന്റ്!!! സണ്ണിച്ചായൻ കഴുത്തിൽ കിടന്ന പതിനൊന്നര പവന്റെ സ്വർണ്ണമാലയിൽ കഴിത്തിന്റവിടുന്ന് താഴോട്ട് വിരലോടിച്ച് കൈയിലെ സ്വർണ്ണ ബ്രെയിസിലറ്റൊന്ന് കറക്കി പറഞു. “നഷ്ടപെട്ടത് നഷ്ടപെട്ടു..അതിനി ഒന്നും ചെയ്യാൻ പറ്റില്ല. പരിഹാരമെന്ന നിലയിൽ നിങൾ പോയി വേറേ ഒരു കല്യാണം കഴിച്ച് അത് സീഡിയിൽ ആക്കി കൊണ്ടുവാ... അത് ഞാൻ എന്റെ ഉത്തരവാദിത്വത്തിൽ ഞാൻ തന്നെ കോപ്പിയെടുത്ത് തരാം.. പത്ത് പൈസ പോലും തരണ്ട”!!! (സംഭാഷണം മൊത്തം അറബിയിലാണ്).

ഇത്രയും പറഞുതീർന്നതും ചാരി വെച്ചിരുന്ന മൂന്ന് എം എം കനമുള്ള പ്ലൈ വുഡിൽ ക്രികറ്റ് ബാറ്റെടുത്ത് ആഞടിച്ചതുപോലൊരു ശബ്ദം കേട്ടു. അതിന് അകംബടിയായി തോട്ടുവക്കിൽ നിന്ന തെങിൽ നിന്നും ഒരു കുല തേങ വെള്ളത്തിൽ വീണതുപോലെ മറ്റൊരു ശബ്ദവും. ആദ്യത്തെ ശബ്ദം ഒമാനിയുടെ കൂടെ വന്ന് അതുവരെ മിണ്ടാതെ നിന്ന തടിമിടുക്കൻ മറ്റേ ഒമാനി സണ്ണിച്ചായന്റെ മുതുകിന് കൊടുത്ത ഇടിയുടെ ശബ്ദമായിരുന്നു. രണ്ടാമത്തെ ശബ്ദം ഇടികൊണ്ട  സണ്ണിച്ചായൻ താഴെ വീണതായിരുന്നു.

രണ്ടാമത്തെ ഒമാനി സീഡി കൊണ്ടുവന്ന ഒമാനിയുടെ അളിയനായിരുന്നു.!!! ഭാര്യയുടെ സഹോദരൻ.

ഈ ഒരു ഇടവേള കിട്ടിയപ്പോൾ, സുലൈമാൻ ജീവനുംകൊണ്ട് ഓടി. ഓട്ടത്തിനിടയിൽ ഫുട്പാത്തിൽ വെച്ച് ഒരാളുമായി കൂട്ടിയിടിച്ച് തറയിൽ വീണു.എഴുന്നേറ്റ് നോക്കുംബോൾ, സുലൈമാൻ കാരണം ജോലിയിൽ നിന്നും പിരിച്ചുവിട്ട് ഇപ്പോൾ ജോലിക്ക് വേണ്ടി അലഞ് നടക്കുന്ന ആ അലംബൻ ലബനാനിയായിരുന്നു അത്.  കടുവയുടെ മുന്നിൽ നിന്നും രക്ഷപ്പെട്ട് പുള്ളിപ്പുലിയുടെ മുന്നിൻ ചെന്ന് ചാടിയ പേടമാൻ പോലെയായി  സുലൈമാൻ!!!


ഭായി

-------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും  റീട് നിങള്‍ക്കുള്ളതും!!
ചിത്രം:കഴിവുള്ള വേറേ ആരോ വരച്ചത്.