Tuesday, March 9, 2010

ഇട്ടിച്ചായന്റെ പുലിവേട്ട


ഇട്ടിച്ചായന്റെ പുലിവേട്ട

വെടിയിറച്ചിയെന്ന് പറഞാല്‍ ഇട്ടിച്ചായന് ഈ ലോകത്ത് പിന്നെ മറ്റൊന്നും വേണ്ട!വീട്ടില്‍ കോഴിക്കറി വെക്കുന്നത് സ്വന്തം കോഴിയെ വെടിവെച്ചിട്ടിട്ടാണ്. എന്തിന്,  ചന്തയില്‍ നിന്നും പോത്തിറച്ചി വാങ്ങി വന്നാല്‍, വീട്ടിലെത്തിയ ശേഷം പൊതിയഴിച്ച് ഇറച്ചിയില്‍ തോക്കെടുത്ത് രണ്ട് വെടി പൊട്ടിച്ച ശേഷം മാത്രമേ കറിവെക്കാന്‍ എത്സി ചേടത്തിക്ക്
കൈ മാറുകയുള്ളൂ. ഇപ്പോള്‍ മനസ്സിലാക്കാണും വെടിയിറച്ചിയെ ഇട്ടിച്ചാ‍യന്‍ എത്രമാത്രം സ്നേഹിക്കുന്നുവെന്ന്.

ഇട്ടിച്ചായന്‍ വയസ്സ് 55, നീളം അഞ്ചടി അഞ്ചിഞ്ച്, വീതി നോക്കിയിട്ടില്ല, ചുവന്ന സീറോ വാട്ട് ബള്‍ബ് പോലത്തെ കണ്ണുകള്‍, ടൂത്ത്ബ്രഷ് പോലത്തെ മുടി, പഴയ ബി എസ് എ സൈക്കിളിന്റെ ഹാന്‍ഡിലു പോലുള്ള മീശ. ആകെക്കൂടി ഒരു പൊളിലുക്ക്.

മദ്യപാനം അങ്ങിനെയിങ്ങിനെ ഒന്നുമില്ല. പാനം തുടങണമെങ്കില്‍ രണ്ട് ഫുള്‍ ഫുള്‍ മുന്നിലുണ്ടായിരിക്കണം.ആയതിനാൽ അലമാരയിൽ എപ്പോഴും പത്ത് കുപ്പി സ്റ്റോക്കുണ്ടായിരിക്കും!വെള്ളമടിയില്‍ നമ്മുടെ കുറുപ്പിന്റെ (ഓ ലവന്‍തന്നെ കുറുപ്പിന്റെ കണക്ക്പുസ്തകം) പ്രൊഫയിലും ഇട്ടിച്ചായന്റെ പ്രൊഫയിലും എടുത്ത്പരിശോധിച്ചാല്‍ രണ്ടും ഭായീ ഫായീ ആയിട്ട് വരും.  

പിന്നെ ആകെയുള്ള സമാധാനം, ഇട്ടിച്ചായന്‍ ഒരു പുകയില വിരോധിയാണ് എന്നതാണ്. പുകയിലയോടുള്ള വിരോധം കൊണ്ട് ബീഡി സിഗരറ്റ് ചുരുട്ട് ഇത്യാദി സാധനങ്ങൾ കണ്ടാല്‍ ഉടന്‍ അതിനെ കത്തിച്ച് വലിച്ച് ഊതി പറത്തിക്കളയും.എന്നിട്ടും വിരോധം തീരാഞ് ഇതിന്റെയൊക്കെ പിതാമഹനായ ഞാപ്പാണം പുകയില വായിലിട്ട് കടിച്ച് ചവച്ചരച്ച് തുപ്പിക്കളയും.തീര്‍ന്നില്ല, തീര്‍ത്താ‍ല്‍ തീരാത്ത കുടിപ്പകയുള്ളതിനാലാനെന്നു തോന്നുന്നു ഈ ഫാമിലിയുമായി ബന്ധമുള്ള കവറില്‍ വരുന്ന പാന്‍ ഐറ്റമെല്ലാം പൊട്ടിച്ച് വായിലിട്ട്, ഒരു ദാക്ഷണ്യവുമില്ലാതെ അരച്ച്കലക്കി തുപ്പിത്തെറിപ്പിക്കും. ഈ കടുത്ത പുകയില വിരോധം കാരണം ഇട്ടിച്ചായന്റെ വായ തുറന്ന് പല്ലില്‍ നോക്കിയാല്‍ കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡിലെ മൂത്രപ്പുരയിലെ ക്ലോസെറ്റില്‍ നോക്കിയതുപോലിരിക്കും.

ഇട്ടിച്ചായന്‍മുപ്പത് വർഷം ആഫ്രിക്കന്‍ വനാന്തരങ്ങളിൽ വനംവകുപ്പിലായിരുന്നു ജോലി. കേരളത്തില്‍ സ്ഥിരതാമസത്തിന് വന്നപ്പോള്‍ അവിടെനിന്നും ഒരു ഇരട്ടക്കുഴല്‍ എയര്‍ ഗണ്ണുമായിട്ടാണ് പോന്നത്! നാട്ടിലെത്തിയ ഇട്ടിച്ചായന്‍, ഈ തോക്കില്‍ ചില മോഡിഫിക്കേഷന്‍ വരുത്തി ഇതിന്റെ എയറൊക്കെ എടുത്ത് ദൂരെക്കളഞ് ഒരു ഒന്നൊന്നേ മുക്കാൽ തോക്കാക്കി.

പിറ്റേ ആഴ്ച മുതല്‍ നാട്ടില്‍ പ്രശ്നങ്ങൾ ആരംഭിച്ചു!  തൊട്ട് പിന്നിലെ വറീത് മാപ്ലയുടെ വീട്ടിലെ രണ്ട് ആട്, മൂന്ന് കോഴി, ഒരു പശു എന്നിവയെ വെടിവച്ചിട്ടു. അതില്‍ പശു ഒഴികെ മറ്റെല്ലാവരും സ്വര്‍ഗ രാജ്യം പുല്‍കി.പശു ചില്ലറപരിക്കുമായി ഭുമിരാജ്യത്ത് പുല്ലില്‍ പുല്‍കി.ഏറ്റെടുക്കാന്‍ മറ്റ് പ്രശ്നങളൊന്നുമില്ലാതെ വിഷമിച്ചിരുന്ന ജനം ഇതങ്ങ് ഏറ്റെടുത്തു.ചിലര്‍ക്ക് ഇട്ടിച്ചായനെ അടിക്കണം,
ചിലര്‍ക്ക് നഷ്ടപരിഹാരം മതി,മറ്റുചിലര്‍ക്ക് കേസ് കൊടുക്കണം.

ജനക്കൂട്ടം കണ്ട് ഇട്ടിച്ചായന്‍ തോക്കുമായി വീടിന് പുറത്തിറങ്ങി. വറീത് മാപ്ലയോടും ജനത്തോടുമായി ഇട്ടിച്ചായന്‍ നയം വിശദീകരിച്ചു.അതായത് കാട്ടുകോഴിയും കാട്ടാടും കാട്ടുപോത്തുമാണെന്ന് കരുതിയാ‍ണ് വെടിവെച്ചതെന്ന്. ഇട്ടിച്ചായന്റെ രുപവും തോക്കുമെല്ലാം കണ്ട് ഭയന്ന ജനം, പഴയ ഡിമാന്റില്‍ നിന്നും പതിയെ പിന്തിരിഞു! കുറ്റം വറീത് മാപ്ല്യുടേതായി.

പൊതുജനസംസാരത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് കറ കളഞ് ചെത്തിവെച്ച ചില സംസാരം
ജനം 1 “അല്ലേലും ആപ്രിക്കേന്ന് വന്ന ഇച്ചായന് എന്നാ അറിയാം..?”
ജനം 2 “ഓഫ്രിക്കായില്‍ തോക്കുള്ള ആര്‍ക്കും ആരേയും വെടിവെയ്ക്കാം..”
ജനം3“വറീതിന്റ ആട്ടിനേം കോഴിയേമൊക്കെ കണ്ടാലും കാട്ട് ജന്തുക്കളാണെന്നേ തോന്നത്തുള്ളൂ...”
ഒരു ബുദ്ധി ജീവിയുടെ ഡയലോഗ് “വറീതിനേം ചേടത്തിയേം കണ്ടിട്ട് അങ്ങോര്‍ക്ക്  കാട്ട് മനുഷേരാണെന്ന് തോന്നിയില്ലല്ല്.. ഫാഗ്യം..’’

ഇട്ടിച്ചായന് ഒരെയൊരു മകൾ, സൂസികൊച്ച്.കല്യാണം കഴിഞ് ഇപ്പോള്‍ വലിയ  നിലയിലാ.
കൊച്ചിയിലെ ലീലാ ഫ്ലാറ്റിലെ പതിനാലാം നിലയില്‍.ഇട്ടിച്ചായന്റെ പെങ്ങളുടെ മകനായ എനിക്കവളെ കെട്ടണമെന്ന് അതിയായ ആഗ്രഹംഉണ്ടായിരുന്നു. അവള്‍ക്കാണെങ്കില്‍ അത്യാഗ്രഹമായിരുന്നു എന്നെ കെട്ടണ്ട എന്ന കാര്യത്തില്‍.കാരണം അവള്‍ക്ക് എന്നും എന്റെ വിദ്യാഭ്യാസ യോഗ്യതകളോട് അസൂയയായിരുന്നു! അവള്‍ എസ്എസ്എല്‍സി,+2 ,എന്‍ട്രന്‍സ്,
എം ബി ബി എസ് തുടങ്ങിയ അലമ്പ് ബിരുദങ്ങള്‍ക്കു വേണ്ടി അഭ്യസിച്ചുകൊണ്ടിരിക്കുംബോള്‍ ഈ ഞാന്‍ ചൂണ്ടയിടല്‍,ഞണ്ട് പിടി,അടിപിടി (ആരെങ്കിലും അടിച്ചാൽ നെഞ്ചും മുതുകും കൊണ്ട് പിടിക്കുക),റമ്മടി, റമ്മികളി, എത്തിനോട്ടം തുടങ്ങിയ വന്‍ സാധ്യതകളുള്ള വിദ്യകളില്‍ പുതിയ പുതിയ അഭ്യാസങ്ങള്‍ നടത്തികൊണ്ടിരിക്കുകയായിരുന്നു. അങ്ങിനെ എന്റെ യോഗ്യതകളോടുള്ള അസൂയമൂത്ത് അച്ചായനും ചേടത്തിയും സൂസികൊച്ചിനെ വെറും ഒരു ഓര്‍ത്തോഡക്സ് ഓര്‍ത്തോപീടിയാക്കിന് പിടിച്ച് കെട്ടിച്ചുകൊടുത്തു. അന്ന് ഞാന്‍ എല്ലാം മനസ്സില്‍ ഓര്‍ത്തുവെച്ചു!

ഇട്ടിച്ചായന്റെ വീടിന്റെ ഇടതുവശത്തുള്ള വീട്ടില്‍ വാടകക്ക് താമസിക്കുകയാണ് അതിവേഗ കോടതിയിലെ അതിവേഗ വക്കീലായ പിള്ള സാറും സാറിന്റെ പഠിക്കാത്ത ഭാര്യയും പഠിക്കുന്ന മകളും.ഒരു ദിവസം, പഠിച്ചിട്ട് വരുന്ന മകളോട് ഇടവഴിയില്‍ വെച്ച് ഞാന്‍ അവളുടെ സൌന്ദര്യത്തെ കുറിച്ച് അവളോട് തന്നെ ഒന്ന് വര്‍ണിച്ചു.കൂട്ടത്തില്‍ സീരിയലുകളിൽ അഭിനയിക്കാനുള്ള വാസനയുണ്ടെങ്കില്‍ അതിനുള്ള സെറ്റപ്പ് ഞാന്‍ ഉണ്ടാക്കി തരാമെന്നും വെച്ചുകാച്ചി.പഠിപ്പ് അല്പംകൂടിയതിനാലാണെന്ന് തോന്നുന്നു പിള്ള സാറിനോട് അവള്‍ക്ക് സീരിയലില്‍ അഭിനയിക്കണം എന്ന് പറഞു.പിന്നീ‍ടുള്ള കാര്യങ്ങളൊക്കെ വളരെ സീരിയസ്സാ‍യി.

പെണ്‍ വാണിഭക്കേസില്‍ പ്രതി ചേര്‍ത്ത് എന്നെ പിള്ള സാര്‍ തട്ടി അകത്തിടീപ്പിച്ചു .വാണിഭിക്കാനുള്ള എന്റെ കസ്റ്റഡിയിലുള്ള പെണ്ണുങ്ങളെ തിരക്കി എന്നെയും കൊണ്ട് പോലീസ് ചേട്ടന്മാര്‍ എന്റെവീട്ടില്‍ തിരച്ചിലിനിറങ്ങി. വീടുമുഴുവന്‍ അരിച്ച്പെറുക്കിയിട്ട് പെണ്ണായിട്ട് ആകെ കിട്ടിയത് ഉണക്ക നത്തോലി അടുപ്പിലിട്ട് ചുട്ടെടുത്തത് പോലിരിക്കുന്ന 65 കഴിഞ അമ്മച്ചിയെയാണ്. അതുകൊണ്ട് ഭാഗ്യത്തിന് നാലുദിവസം അകത്തിട്ട് ശരീരത്തിലെ പൊടിയൊക്കെ തട്ടിക്കളഞ്  പാച്ച് വർക്കും സർവീസും ചെയ്ത് പുത്തന്‍ മോഡലാക്കി എന്നെ ഇറക്കിവിട്ടു

ഇട്ടിച്ചായനും പിള്ളസാറും അമേരിക്കയും ഇറാനും പോലുള്ള നല്ല സൌഹൃദത്തിലാണ്.
അതിനുകാരണം ,ഇട്ടിച്ചായന്‍ ഒരിക്കല്‍  പരുന്തിറച്ചി തിന്നാനുള്ള കൊതിമൂ‍ത്ത്, പിള്ളസാറിന്റെ വീട്ടിലെ രണ്ടാംനിലയിലെ പാരപ്പെറ്റിലിരുന്ന പരുന്തിനെ വെടിവെച്ചപ്പോള്‍, അനുസരണയില്ലാത്ത കുരുത്തംകെട്ട ബ്ലഡിവെടി പരുന്തിനെ മൈന്റ് ചെയ്യാതെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ കെട്ടിത്തൂക്കിയിട്ടിരുന്ന ചെടിച്ചട്ടിയുടെ കയര്‍ പൊട്ടിച്ചു. കയര്‍ പൊട്ടിയ ചട്ടി സിറ്റൌട്ടിന് വെളിയില്‍ കെട്ടിയിട്ടിരുന്ന പട്ടിയുടെ നട്ടെല്ലിൽ വീണു പൊട്ടി. പിള്ളസാർ ലാ പോയിന്റു എടുത്തു, ഇട്ടിച്ചായന്‍ വെറും ലോ ആയി തോക്കെടുത്തു. പ്രശ്നം ലായും ലോയും ചേർന്ന് അലംബിൽ അവസാനിച്ചു.

ആഴ്ചയില്‍ ഒന്ന് രണ്ട് ദിവസം ഇട്ടിച്ചായനെ കാണാന്‍ ഞാന്‍ അവിടെപോകാറുണ്ട്. അടിച്ച് ഘട്ട്ഖടിതനായിരിക്കുന്ന അച്ചായന്റെ വേട്ടക്കഥകള്‍ കേട്ട് മരിച്ചിരിക്കുന്ന എനിക്ക് അച്ചായന്‍ അറിഞ് ഒരു പെഗ്ഗ് തരും. അച്ചായന്‍ അറിയാതെ ഒരു മഗ്ഗ് ഞാന്‍ കട്ടടിക്കും.

ഒരുദിവസം സന്ധ്യക്ക് അവിടെനിന്നും ഇറങ്ങുംബോള്‍   മതിലിനപ്പുറത്തെ പിള്ളസാറിന്റെ വീട്ടിലെ  തിങ്ങി നിറഞ പൂന്തോട്ടത്തിലെ ഒരു കാഴ്ച കണ്ട് ഞാന്‍ ഞെട്ടി! ഒന്നുകൂടി സൂക്ഷിച്ചുനോക്കി!വിശ്വസിക്കാന്‍ കഴിഞില്ല! അതെ ഇത് തന്നെയാണ് പറ്റിയ സമയം. ഉണങ്ങാനിട്ട പഴയ പഞി മെത്ത പോലെ ചാരുകസേരയില്‍ കിറുഞ്ചി കിടന്ന അച്ചായനെ ഞാന്‍ വിളിച്ചുണര്‍ത്തി. “അച്ചായാ പുലി...പുലി...” പുലിയെന്ന് കേട്ടതും സിനിമാ നടിയെന്ന് കേട്ട ആ സാമിയെപ്പോലെ ഇട്ടിച്ചായന്‍, "എവിടെ..എവിടെ" എന്നു ചോദിച്ച് സടകുടഞെഴുന്നേറ്റ് തോക്കുമായി മുറ്റത്തേക്ക്  കുതിച്ചു ചാടി.

“ഇച്ചായാ വക്കീല്‍ സാറിന്റെ പൂന്തോട്ടത്തില്‍ ഒരു പുലി, ബഹളമുണ്ടാക്കരുത് ചിലപ്പോള്‍ രക്ഷപ്പെട്ടുകളയും”
മതിലിനപ്പുറത്തെ പൂന്തോട്ടത്തിലേക്ക് ഞാന്‍ ചൂണ്ടിക്കാണിച്ചു. മതിലിനുമുകളില്‍ കൂടി ലേഡീസ് ഹോസ്റ്റലില്‍ നോക്കുന്നതു പോലെ ശബ്ദമുണ്ടാക്കാതെ ഇച്ചായന്‍ എത്തി നോക്കി! പുലി!
കണ്ണ് ഡിമ്മും ബ്രൈറ്റുമടിച്ച് വീണ്ടുംനോക്കി! അതെ, പുലി!! സന്ധ്യാ‍വെളിച്ചത്തിലും നല്ലതുപോലെ കാണാം ഒരു പുപ്പുലി!
ചെടികള്‍ക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നു.ഇടക്ക് അച്ചായനെയും ഒന്ന് നോക്കി! ഇല്ല ഇനി സമയമില്ല, തോക്കെടുത്ത് ഉന്നം പിടിക്കുന്നതിനിടയില്‍ ഇച്ചായന്‍ പതിയെ എന്നോടു പറഞു.
“ഒരു പുലിക്കാല്‍ ഫ്രൈ തിന്നണമെന്ന് ഒത്തിരിക്കാലമായി ആഗ്രഹിക്കുന്നു. ഇപ്പം ദേ നോക്കിയെ കാലല്ല ഒരു ഫുള്‍പുലി. പുലിയെ കൊന്നാ‍ല്‍ വക്കീലിന്റെ കെറുവും മാറും,ഒത്താല്‍ പ്രസിഡന്റിന്‍റേന്ന് ധീരതക്കുള്ള ഒരു പുലി അവാര്‍ഡും കിട്ടും” 
“അതേന്ന്...ഇച്ചായനും ഒരു പുലിയാവും സമയംകളയാണ്ട്  വെയ്യ് വെടി...” എന്റെ വഹ ഒരു പ്രോത്സാഹന സമ്മാനം ആദ്യമേ കിട്ടി.
ആദ്യവെടി പൊട്ടി!! “അയ്യോ‍ാ‍ാാ!!!’’   ഇച്ചായന്‍ ഞെട്ടി! “എന്നതാടേയ്!.. പുലിവിളിക്ക് പകരം നെലവിളിയാ?”

വെടി കൃത്യം പുലിയുടെ വായില്‍ തന്നെ കൊണ്ടത് ഇച്ചായന്‍ കണ്ടതാണ്!! പക്ഷെ വിളിക്ക് ഒരു കൃത്യതയില്ല. നിമിഷങ്ങള്‍ക്കകം തന്നെ, പിടയുന്ന പുലിക്ക്നേരേ അടുത്ത വെടി പൊട്ടിച്ചു!!! “അയ്യോ കൃഷ്ണാ‍ാ‍ാ‍ാ!!!” അടുത്ത വിളി.

ഇട്ടിച്ചായനാകെ ഇടങ്ങേറായി!! “എന്നതാടേയ് ഇത്!!ഹിന്ദുപുലിയാ? ചെലപ്പം ശബരിമലയിലെ കാട്ടീന്ന് ഇറങ്ങിയതായിരിക്കും” ഇത്രയും പറഞ് പിടക്കുന്ന പുലിക്ക് നേരേ മതിലുചാടി ഇച്ചായന്‍ പാഞടുത്തു!

പിടയുന്ന പുലിയെക്കണ്ട് ഇച്ചായന്‍ വിറച്ചു “മതാവേ.... പുലിസാറ്...അല്ല... പിള്ളസാറ്???!!!” ഇച്ചായൻ റൈഫിൾ വിഴുങ്ങിയത് പോലെ നിന്നു!

പിള്ളസാറിന്റെ അളിയന്‍ സിംഗപ്പൂരീന്ന് കൊണ്ട് കൊടുത്ത വലിയ ഒരു പുലിയുടെ പടമുള്ള സില്‍ക്ക് ലുങ്കിയുമുടുത്ത് പിള്ളസാര്‍ പൂന്തോട്ടത്തില്‍ കുനിഞ് നിന്ന് പൂക്കളെ പരിപാലിക്കുകയായിരുന്നു. ലുങ്കിയുടുത്താല്‍ കൃത്യം ആസനത്തിന്റെഭാഗത്തായിട്ട് വരും ലുങ്കിപ്പുലിയുടെ പുലിത്തല! കുനിഞ് നിന്ന് അങ്ങോട്ടുമിങ്ങോട്ടും തിരിയുംബോള്‍ ചെടിയുടെ മറവിലൂടെ സന്ധ്യക്ക് നോക്കിയാല്‍ ഒരു പുലി അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നത് പോലെ തോന്നും!


എനിക്ക് ആദ്യമേ  കാര്യങ്ങള്‍  മനസ്സിലായിരുന്നു. സൂസിക്കൊച്ചിനെ എനിക്ക് കെട്ടിച്ച് തരാത്തതിന് ഇട്ടിച്ചായനിട്ടും പിള്ളസാറിന്റെ മോള്‍ സീതയെ സീരിയലില്‍ അഭിനയിപ്പിക്കമെന്ന് പറഞതിന് പോലീസ്റ്റേഷനില്‍ കയറ്റി എന്നെക്കൊണ്ട് കഥകളി അഭിനയിപ്പിച്ചതിന് പിള്ളസാറിനുമിട്ട് കൊടുക്കാന്‍ കിട്ടിയ അവസരം ഐശ്വര്യമായിട്ട് വിനിയോഗിച്ചു.രണ്ട് വെടിക്ക് രണ്ട് പുലി!

അതിവേഗകോടതിയിലെ വക്കീലായതുകൊണ്ടാണെന്ന് തോന്നുന്നു, അതിവേഗത്തില്‍ തന്നെ കളര്‍ലൈറ്റും മ്യൂസിക്കും എല്ലാമായിട്ട് രണ്ട് വണ്ടി അവിടെയെത്തി. ഒന്ന് ആംബുലന്‍സ് രണ്ടാമത്തേത് പോലീസ് ജീപ്പ്.വെടിതകര്‍ത്ത പുലിമുഖാസനവുമായി പിള്ളസാറിനെ ആംബുലന്‍സിലേക്ക് എടുത്ത് കിടത്തി. പോലീസ് ചവിട്ടിക്കലക്കിയ ആസനവുമായി ഇട്ടിച്ചായനെ ജീപ്പിലേക്കും എറിഞ്ഞു. ജീപ്പിലേക്കു വലിച്ചെറിയുന്നതിന് മുന്‍പ് ഇട്ടിച്ചായന്‍ ആംബുലന്‍സില്‍ കിടക്കുന്ന പിള്ളസാറിനെ ദയനീയമായി നോക്കിയിട്ട് ചോദിച്ചു!

 “സാറ്...പുലിയായിരുന്നല്ലേ.......!!!”
“അതേടാ...പു...........................”

എന്താണ് പറഞതെന്ന് ഇട്ടിച്ചായൻ കേട്ടില്ല! അപ്പോഴേക്കും കളർ ലൈറ്റും,  മ്യൂസിക്കുമായി ആംബുലൻസ് അടിച്ച് പൊളിച്ച് മെഡിക്കൽ കോളേജിലേക്ക് പാഞു.


ഭായി

-------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും റീട് നിങള്‍ക്കുള്ളതും!!